രഥങ്ങൾ സംഗമിച്ചു; കൽപാത്തി സായൂജ്യമടഞ്ഞു
text_fieldsപാലക്കാട്: തമിഴ് ബ്രാഹ്മണ സമൂഹത്തിെൻറ ആവാസ ഭൂമിയായ കൽപാത്തി അഗ്രഹാര വീഥികൾ ഒരുവട്ടംകൂടി ദേവരഥ സംഗമത്തിെൻറ സായൂജ്യത്തിലമർന്നു. മാനം മൂടിക്കെട്ടിയ ത്രിസന്ധ്യയിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തേരുമുട്ടിയിൽ ദീപപ്രഭയിൽ മുങ്ങിയ ആറ് രഥങ്ങൾ കൂട്ടിമുട്ടിയത് ദർശിക്കാനും വടംവലിച്ച് ചക്രം ഉരുട്ടാനും ആബാലവൃദ്ധം ജനമാണ് തടിച്ചുകൂടിയത്.
ഉത്സവനാഥനായി അറിയപ്പെടുന്ന വിശ്വനാഥ സ്വാമിയുടെയും പരിവാര ദേവതകളുടേയും മൂന്ന് രഥങ്ങൾ പഴയ കൽപാത്തിയിലെ ക്ഷേത്ര പരിസരത്തുനിന്ന് പ്രയാണം ആരംഭിച്ചതോടെയാണ് സംഗമത്തിെൻറ കേളികൊട്ടുയർന്നത്. ഇതിനുപിന്നാലെ ചാത്തപുരം പ്രസന്ന മഹാഗണപതിയുടെയും പഴയ കൽപാത്തി ലക്ഷ്മിനാരായണ സ്വാമിയുടെയും രഥചക്രങ്ങൾ ഉരുണ്ടുതുടങ്ങി. കുണ്ടമ്പല പരിസരത്തെ തേരുമുട്ടിയിൽ ഈ രഥങ്ങൾ എത്തിയതിന് പിന്നാലെ മന്തക്കര മഹാഗണപതിയുടെ രഥവും എത്തി. ഈ സമയം ഇടുങ്ങിയ ഗ്രാമകവലയിൽ വൻ ജനസഞ്ചയമാണ് സാക്ഷ്യം വഹിക്കാൻ ഒത്തുകൂടിയത്. തേരുമുട്ടിയിൽ പ്രധാന രഥങ്ങൾ നീക്കാൻ ആനയേയും ഏർപ്പാടാക്കിയിരുന്നു.
കുരുത്തോല തോരണവും അരങ്ങും വീഥികൾ മുഴുവൻ അലങ്കാരത്തിനായി ഒരുക്കിയിരുന്നു. പുഷ്പാലങ്കൃത മൂർത്തികളെ അണിയിച്ചൊരുക്കിയ തേരുകളിൽ മുഴുവൻ സപ്തവർണ ദീപങ്ങൾ നിറഞ്ഞു. ഉച്ച മുതൽതന്നെ രഥോത്സവ തെരുവുകളിലേക്ക് ജനപ്രവാഹം തുടങ്ങി.
ചാത്തപുരത്തും പഴയ കൽപാത്തിയിലും രഥാരോഹണം രാവിലെയായിരുന്നു. ഉത്സവത്തിെൻറ പ്രധാന ദിനം കണക്കിലെടുത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. 350 പൊലീസുകാരാണ് കൽപാത്തിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. മഫ്തി പൊലീസും രംഗത്തുണ്ടായിരുന്നു. രഥസംഗമം കണക്കിലെടുത്ത് പതിവുപോലെ പാലക്കാട് താലൂക്ക് പരിധിയിൽ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
