പൊതുശ്മശാനത്തിൽ എൻ.എസ്.എസിന് 20 സെന്റ് അനുവദിച്ച് പാലക്കാട് നഗരസഭയുടെ വിവാദ നടപടി; 10 സെന്റ് ചോദിച്ച കരയോഗം യൂനിറ്റിനാണ് 20 സെന്റ് അനുവദിച്ചത്
text_fieldsമാട്ടുമന്ത പൊതുശ്മശാനത്തിൽ എൻ.എസ്.എസ് യൂനിറ്റിന് അനുവദിച്ച സ്ഥലത്തുയർന്ന മതിൽ
പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തിൽ എൻ.എസ്.എസ് വലിയപാടം കരയോഗത്തിന് ഷെഡ് നിർമിക്കാൻ 20 സെന്റ് നൽകി പാലക്കാട് നഗരസഭ. 2023 സെപ്റ്റംബർ 15ന് സംസ്കാരക്രിയ ചെയ്യാൻ 10 സെന്റ് ചോദിച്ച കരയോഗം യൂനിറ്റിന് രണ്ടാഴ്ചക്കുള്ളിൽ അജണ്ടയിൽ ഉൾപ്പെടുത്തി ചോദിച്ചതിന്റെ ഇരട്ടിസ്ഥലം നൽകാൻ അനുമതി നൽകുകയായിരുന്നു പാലക്കാട് നഗരസഭ.
ഷെഡ് പണിയുക മാത്രമല്ല, പൊതുശ്മശാനത്തിൽ മതിൽ കെട്ടിത്തുടങ്ങുകയും ചെയ്തതോടെയാണ് ‘ ജാതി തിരിച്ച്’ നൽകിയ ശ്മശാന ഭൂമി വിവാദമായത്. നേരത്തേ ശ്മശാനത്തിൽ ബ്രാഹ്മണർ സംസ്കാരക്രിയ ചെയ്യാൻ പ്രത്യേക സ്ഥലം ഉപയോഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് എൻ.എസ്.എസ് യൂനിറ്റ് അപേക്ഷ നൽകിയത്.
വിവിധ ജാതി-മതവിഭാഗങ്ങൾക്ക് പൊതുശ്മശാനത്തിൽ അതിരുകൾ നിശ്ചയിച്ച് നൽകുന്നതിനെതിരെ പൊതുപ്രവർത്തകർ രംഗത്തെത്തി. പൊതുശ്മശാനത്തിൽ അതിര് നിശ്ചയിച്ച് നൽകുന്നത് വിപരീതഫലം ചെയ്യുമെന്ന് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത പറഞ്ഞു. ജാതി സമ്പ്രദായത്തിലേക്ക് തിരിച്ചുപോക്കിന് അത് കാരണമാകും. നഗരസഭ തീരുമാനം പുനഃ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പ്രചാരണം തെറ്റിദ്ധാരണജനകം’
പാലക്കാട്: ഒരു ജാതിക്കാർക്കു മാത്രമായി പൊതുശ്മശാനം വീതിച്ചുനൽകിയെന്ന പ്രചാരണം തെറ്റിദ്ധാരണജനകമെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. നഗരസഭയോഗത്തിൽ എടുത്ത തീരുമാനമാണിത്. സംസ്കാരച്ചടങ്ങുകൾ നടത്തുമ്പോൾ മഴ നനയാതിരിക്കാൻ ഷെഡ് നിർമിക്കാനും കുഴൽകിണർ കുഴിക്കാനുമായിരുന്നു എൻ.എസ്.എസ് അപേക്ഷ നൽകിയത്. അത് ഒരു സമുദായത്തിനു മാത്രം വേണ്ടിയായിരുന്നില്ല. ചുറ്റുമതിൽ കെട്ടുന്നത് സംരക്ഷണത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

