കരിമ്പ സദാചാര ആക്രമണം: വിദ്യാർഥികൾക്കെതിരെ പരാമർശം നടത്തിയ പി.ടി.എ വൈസ് പ്രസിഡന്‍റ് രാജിവെച്ചു
text_fieldsപാലക്കാട്: സദാചാര ആക്രമണം നേരിട്ട സ്കൂൾ വിദ്യാർഥികൾക്കെതിരെ മോശം പരാമർശം നടത്തിയ കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്‍റ് എ.എസ്. ജാഫർ അലി രാജിവെച്ചു. വിദ്യാർഥികൾക്കെതിരെ മോശം പരാമർശം നടത്തിയ ജാഫർ അലിക്കെതിരെ പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് രാജി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണാർക്കാട് കരിമ്പ എച്ച്.എസ്.എസിലെ വിദ്യാർഥികൾക്ക് മർദനമേറ്റത്. സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നുവെന്ന് ആരോപിച്ചായിരുന്നു മർദനം. സ്കൂൾവിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.
ബസ് സ്റ്റോപ്പിലേക്കെത്തിയ പ്രദേശവാസികളിൽ ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തു. തുടർന്ന് വിദ്യാർഥിനികളെ അസഭ്യം പറയുകയും മർദിക്കാനൊരുങ്ങുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു.
സംഭവത്തിൽ രണ്ടു പേരെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.