അത്ര ചുവക്കാനിടയില്ല, നെല്ലറയുടെ ജനമനസ്സ്
text_fieldsപാലക്കാട്: നഗരഹൃദയത്തിലെ നഗരസഭ ബി.ജെ.പിക്കൊപ്പമാണെങ്കിലും തദ്ദേശബലത്തിൽ ചുവപ്പിനൊപ്പമാണ് പാലക്കാട്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ജില്ല പഞ്ചായത്തിലും ബ്ലോക്കിലുമെല്ലാം ചുവപ്പിന്റെ തുടുപ്പാണ് കൂടുതൽ. പക്ഷേ, ഇടതിലും വലതിലുമില്ലാതെ കൂടിക്കലർന്ന, ഒരു മുന്നണിയോടും കൂടുതൽ അടുക്കാത്ത തദ്ദേശസ്ഥാപനങ്ങളും ഏറെ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴു പഞ്ചായത്തുകൾ ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാതെ ത്രിശങ്കുവിലായി. ഇടതു-വലതു മുന്നണികൾക്കു പുറമെ എ.ഐ.എ.ഡി.എം.കെ മുതൽ ജലപ്രശ്നത്തിന്‍റെ പേരിൽ രൂപവത്കരിക്കപ്പെട്ട ആർ.ബി.സി എന്ന പ്രാദേശിക പാർട്ടി വരെയുണ്ട് ജില്ലയിൽ.
30 ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്കാണ് 2020ല്‍ തെരഞ്ഞെടുപ്പ് നടന്നത്. 27 ഡിവിഷനുകള്‍ എൽ.ഡി.എഫ് പിടിച്ചു. മൂന്നെണ്ണം യു.ഡി.എഫും. 13 ബ്ലോക്ക് പഞ്ചായത്തുകളുള്ളതില്‍ 11ഉം ഇടതിനൊപ്പം. യു.ഡി.എഫ് രണ്ടിലൊതുങ്ങി. നഗരസഭകളിൽ ഏഴിൽ അഞ്ചിലും ഇടതുപക്ഷമാണ്. യു.ഡി.എഫും ബി.ജെ.പിയും ഒന്നുവീതം. 88 ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍, 65ൽ എൽ.ഡി.എഫും 23ൽ യു.ഡി.എഫും.
എന്നാൽ, അഞ്ചു വർഷത്തിനുള്ളിൽ ഒരുപാട് നാടകീയ സംഭവങ്ങൾക്ക് പഞ്ചായത്തുകൾ സാക്ഷ്യംവഹിച്ചു. എ.വി. ഗോപിനാഥിന്റെ നിലപാടിന് സ്വാധീനമുള്ള യു.ഡി.എഫ് ഭരണപഞ്ചായത്തായ പെരിങ്ങോട്ടുകുറുശ്ശി, ഇടതുസഖ്യം വിട്ട് യു.ഡി.എഫിനോടടുത്ത ഭരണം നിയന്ത്രിക്കുന്ന പട്ടാമ്പിയിലെ വി ഫോർ പട്ടാമ്പി എന്നിവിടങ്ങളിലെ ഗതിവിഗതികൾ ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ‘ഇടതു വിസ്മയങ്ങൾ’ ഇത്തവണ തകർക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പാണ്. കാരണം ഇടത് ‘അടവി’നൊപ്പംനിന്ന ചില നഗരസഭകളും പഞ്ചായത്തുകളും ഏറക്കുറെ മാറിക്കഴിഞ്ഞു. പട്ടാമ്പി, ചിറ്റൂർ നഗരസഭകളിലേതുപോലെയുള്ള പല തദ്ദേശ സ്ഥാപനങ്ങളും മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിലെ ഇടത് മേൽക്കോയ്മക്ക് കാര്യമായി ഇളക്കംതട്ടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
പാലക്കാട് നഗരസഭയിൽ ഹാട്രിക് വിജയം തേടിയാണ് ബി.ജെ.പി ഇറങ്ങുന്നത്. എന്നാൽ ഇരുഗ്രൂപ്പുകളായി ചേരിതിരിഞ്ഞ് പോരടിച്ചാണ് സ്ഥാനാർഥിനിർണയം വരെ നടന്നത്. 2020ല്‍ 52 അംഗ നഗരസഭ കൗണ്‍സിലില്‍ അവര്‍ക്ക് 28 അംഗങ്ങളുണ്ടായിരുന്നു. ഇത്തവണ കോൺഗ്രസിലും സഖ്യകക്ഷിയായ മുസ്‍ലിം ലീഗിലും വിമതസാന്നിധ്യമുണ്ട്. സജീവത കുറഞ്ഞ 17 വാർഡുകളിൽ സ്വതന്ത്രരെ നിർത്തിയാണ് ഇടതുപക്ഷ പോരാട്ടം. രണ്ടു കോൺഗ്രസ് വിമതരും മൂന്ന് ലീഗ് വിമതരും കളത്തിലുണ്ട്. മൂന്നു വാർഡുകളിൽ ഇടതുസ്ഥാനാർഥികളില്ല.
സി.പി.എം നേതൃത്വത്തിൽനിന്ന് നടപടി നേരിട്ട പി.കെ. ശശി പക്ഷമെന്ന് വിശേഷിക്കപ്പെട്ട സി.പി.എം വിമത സാന്നിധ്യം മണ്ണാര്‍ക്കാടിന്റെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചേക്കും. മണ്ണാര്‍ക്കാട് നഗരസഭയില്‍ 10 സീറ്റുകളിലും ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരു സീറ്റിലും ‘ജനകീയ മതേതര മുന്നണി’ എന്ന പേരിൽ ഒരുവിഭാഗം മത്സരരംഗത്തുണ്ട്.
ജില്ലയിലെ ഏഴു പഞ്ചായത്തുകളില്‍ മുന്നണിബന്ധമില്ലാതെ സി.പി.ഐ ഒറ്റക്ക് മത്സരിക്കുന്നു. യു.ഡി.എഫിനോട് ചേർന്ന് സേവ് സി.പി.ഐയും പലയിടങ്ങളിലും രംഗത്തുണ്ട്. മുതലമട പഞ്ചായത്തിൽ തൂക്കുഭരണം നിയന്ത്രിച്ച രണ്ട് സ്വതന്ത്ര പ്രതിനിധികളെ കൂടെക്കൂട്ടി ഇത്തവണ ട്വന്റി ട്വന്റി 21 വാർഡുകളിൽ മത്സരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

