പൊലീസ് നീക്കം അപ്രതീക്ഷിതം; ജ്യോത്സ്യനെ സ്ത്രീയോടൊപ്പം നഗ്നനാക്കി ഹണിട്രാപ്പിൽ കുടുക്കിയത് പുറത്തറിഞ്ഞതിങ്ങനെ...
text_fieldsപാലക്കാട്: അടിപിടിക്കേസിലെ പ്രതിയെത്തേടി എത്തിയ പൊലീസിന് മുന്നിൽ കുടുങ്ങിയത് ജ്യോത്സ്യനെ ഹണിട്രാപ്പ് നടത്തിയ സംഘം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്. സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി ജ്യോത്സ്യന്റെ നഗ്ന ഫോട്ടോയും വിഡിയോയുമെടുത്ത് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് സ്ഥലത്ത് അവിചാരിതമായി പൊലീസ് എത്തുന്നതും ചിതറിയോടിയ പ്രതികളിൽ രണ്ടുപേർ പിടിയിലാകുന്നതും. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീകളടങ്ങിയ വൻ തട്ടിപ്പുസംഘത്തിന്റെ ചുരുളഴഞ്ഞത്. സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ഇന്നലെ ഉച്ചക്ക് ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ പ്രതീഷ് എന്നയാളുടെ വീട്ടിൽ എത്തിയതായിരുന്നു ചിറ്റൂർ പൊലീസ്. ഈ സമയത്ത് ഇവിടെ ഹണിട്രാപ്പ് സംഘം േജ്യാത്സ്യനെ കെണിയിൽപെടുത്തി ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ, പൊലീസ് ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊലീസിനെ കണ്ടതോടെ ഹണിട്രാപ്പ് സംഘം പലവഴിക്ക് ഓടിരക്ഷപ്പെട്ടു. പിറകെ ഓടിയ പൊലീസ് മൈമൂനയേയും ശ്രീജേഷിനെയും പിടികൂടി. ഒരാൾക്ക് ഓട്ടത്തിനിടെ വീണ് കാലിന് ഗുരുതര പരിക്കേറ്റ് വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പൊലീസ് തേടിയെത്തിയ അടിപിടിക്കേസ് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. വീടിനകത്ത് നടന്ന സംഭവം അറിയാതെ ചിറ്റൂർ പൊലീസ് തിരികെ പോവുകയും ചെയ്തു.
അതിനിടെ, ചിതറി ഓടിയ സ്ത്രീകളിൽ ഒരാൾ മദ്യലഹരിയിൽ റോഡിൽ വീണു. ചോദ്യം ചെയ്ത നാട്ടുകാരെ ഇവർ അസഭ്യം പറഞ്ഞു. സ്ത്രീ മദ്യലഹരിയിലുള്ള വിവരം നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ പൊലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഹണിട്രപ്പ് വിവരം പുറത്തറിഞ്ഞത്. ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടുന്നത് കണ്ട് പിൻവാതിലിലൂടെ രക്ഷപ്പെട്ട ജ്യോല്‍സ്യന്‍ പരാതി നൽകാൻ കൊല്ലങ്കോട് സ്റ്റേഷനിലെത്തി. കൊല്ലങ്കോട് പൊലീസിൻറെ നിർദ്ദേശപ്രകാരം ഇയാൾ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മൈമൂനയും മറ്റൊരു സത്രീയും ഉൾപ്പെടെ ഒമ്പത് പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.
വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേനയാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽപെടുത്തിയത്. മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തിയിരുന്നു. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ഇതുപ്രകാരം ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യൻ സ്ഥലത്തെത്തി. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷിൻറെ വീട്ടിലേക്കാണ് ഇയാളെ കൊണ്ടുപോയത്.
പൂജക്ക് ഒരുക്കം നടത്തുന്നതിനിടെ ജ്യോത്സ്യനെ പ്രതീഷ് ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മൈമൂനക്ക് ഒപ്പം നിർത്തി നഗ്നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. നാലര പവന്റെ മാലയും മൊബൈൽ ഫോണും പണവും കൈക്കലാക്കിയ സംഘം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവസമയത്ത് രണ്ടു സ്ത്രീകൾ ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു.
മീനാക്ഷിപുരം സി.ഐ. എം.ശശിധരൻ, കൊഴിഞ്ഞാമ്പാറ ഗ്രേഡ് എസ്‌ഐ.മാരായ എം. മുഹമ്മദ് റാഫി, എം.നാസ്സർ, എഎസ്‌ഐ. എൻ. സൈറാബാനു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.കലാധരൻ, സി.രവീഷ്, ആർ.രതീഷ്, എച്ച്.ഷിയാവുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.