പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ: ലക്ഷ്യം കാണുംവരെ പ്രക്ഷോഭമെന്ന് എം.പിമാർ
text_fieldsകോഴിക്കോട്: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള മംഗളൂരു പ്രദേശം (ഉള്ളാൾ ഉൾപ്പെടെ) ദക്ഷിണ റെയിൽവേയിൽനിന്ന് മാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷന് നൽകാനുള്ള റെയിൽവേ ബോർഡിന്റെ നീക്കം അന്യായവും പ്രതിഷേധാർഹവും മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യു.ഡി.എഫ് എം.പിമാരായ എം.കെ രാഘവനും ഇ.ടി മുഹമ്മദ് ബഷീറും സംയുക്ത വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇത് കൊലച്ചതിയാണ്. അത്യന്തം നിഗൂഢമാണ് കാര്യങ്ങൾ. പ്രതിവർഷം 1100 കോടിരൂപയുടെ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഉണ്ടാവുക. നാടിനെ മൊത്തം ബാധിക്കുന്ന ഭയാനകമായ സാഹചര്യമാണിത്.
ഈ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിക്കെതിരെ ആദ്യഘട്ട സമരമെന്ന നിലയിൽ ആഗസ്റ്റ് 26ന് തിരുവോണ നാളിൽ യു.ഡി.എഫ് എം.പിമാർ പാലക്കാട് ഡി.ആർ.എം (ഡി.ആർ.എം) ഓഫിസിന് മുന്നിൽ സത്യഗ്രഹമിരിക്കും. തുടർസമരങ്ങൾ ഡൽഹിയിൽ നടത്തും. ജനകീയ പ്രക്ഷോഭത്തിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണവേണമെന്ന് എം.പിമാർ അഭ്യർഥിച്ചു.
‘എല്ലാം നിഗൂഢം; പിന്നിൽ കർണാടകയിൽ നിന്നുള്ള റെയിൽവേ മന്ത്രി’
സംസ്ഥാനത്തിന്റെ റെയിൽവേ ഘടനയെ തന്നെ മാറ്റിയെഴുതുന്ന പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊണ്ടത് കേരള സർക്കാറുമായോ സംസ്ഥാനത്തുനിന്നുള്ള പാർലമെന്റ് അംഗങ്ങളുമായോ മുൻകൂട്ടിയുള്ള ഒരുവിധ ചർച്ചയോ അറിയിപ്പോ ഇല്ലാതെയാണെന്നത് ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണ്. എല്ലാം നിഗൂഢമാണെന്നും പിന്നിൽ കർണാടകയിൽ നിന്നുള്ള റെയിൽവേ മന്ത്രിയാണെന്നും ഇവർ ആരോപിച്ചു. മംഗളൂരു തുറമുഖവുമായും സമീപ സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് പാലക്കാട് ഡിവിഷന് പ്രതിവർഷം ലഭിച്ചുകൊണ്ടിരുന്ന 1,000 മുതൽ 1,100 കോടി വരെയുള്ള ഭീമമായ വരുമാനമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. 1956ൽ പാർലമെന്റിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിനായി രൂപവത്കരിച്ച പാലക്കാട് ഡിവിഷൻ, 2007ൽ കോയമ്പത്തൂർ പ്രദേശം നഷ്ടപ്പെട്ടതിന് ശേഷം നേരിടുന്ന രണ്ടാമത്തെ വലിയ വെട്ടിമുറിക്കലാണിത്.
ഈ തീരുമാനം വടക്കൻ കേരളത്തിലെ ജനങ്ങളുടെ യാത്രാസൗകര്യങ്ങളെയും രൂക്ഷമായി ബാധിക്കും. ഉത്തരകേരളത്തിലെ ജനങ്ങൾ പ്രതിദിനം ആശ്രയിക്കുന്ന, മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകൾ ഇനി മുതൽ മറ്റൊരു ഡിവിഷന്റെ കീഴിലാകുന്നതോടെ ട്രെയിൻ സർവിസുകളുടെ ഏകോപനവും റെയിൽവേ വികസന പദ്ധതികളും പ്രതിസന്ധിയിലാകും. മംഗലാപുരം വിഭജിക്കപ്പെടുന്നതോടെ സ്റ്റേബ്ലിംഗ് ലൈനോട് കൂടിയ ഏക ടെർമിനൽ സ്റ്റേഷനുംപൂർണമായ പിറ്റ് ലൈനുമാണ് നഷ്ടമാവുന്നത്. മംഗലാപുരത്തുനിന്ന് ആരംഭിക്കുന്ന വെസ്റ്റ് കോസ്റ്റ്, ചെന്നൈ മെയിൽ, മാവേലി, മലബാർ, ഏറനാട്, പരശുറാം, കോയമ്പത്തൂർ ഇന്റർസിറ്റി, മംഗലാപുരം വന്ദേ ഭാരത് ഉൾപ്പെടെ പതിനാറോളം ട്രെയിൻ സർവിസുകൾ ഡിവിഷന് നഷ്ടമാവും. മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ റിസർവേഷൻ ലഭ്യതയും എമർജൻസി ക്വാട്ടയും ഡിവിഷനും സോണും മാറുന്നതോട് കൂടി കുത്തനെ കുറയും. അതിനാൽ, 2026 ആഗസ്റ്റ് 21ലെ ഉത്തരവ് അടിയന്തിരമായി മരവിപ്പിക്കണമെന്നും, കേരള സർക്കാരുമായും ജനപ്രതിനിധികളുമായും ഔദ്യോഗിക ചർച്ചകൾ പൂർത്തിയാകുന്നതുവരെ തുടർനടപടികൾ നിർത്തിവയ്ക്കണമെന്നും യു ഡി എഫ് എം.പിമാർ സംയുക്തമായി ആവശ്യപ്പെട്ടു.
ഒപ്പം ഈ കൈമാറ്റം പാലക്കാട് ഡിവിഷന്റെ വരുമാനം, ജീവനക്കാർ, സർവിസുകൾ എന്നിവയിൽ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു ധവളപത്രം (വൈറ്റ് പേപർ) പുറപ്പെടുവിച്ച് പാർലമെന്റിൽ സമർപ്പിക്കാനും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര റെയിൽവേ മന്ത്രിയെ ബന്ധപ്പെട്ടപ്പോൾ മന്ത്രി അറിഞ്ഞുകൊണ്ടല്ല തീരുമാനം വന്നതെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. അത് വിശ്വസനീയമല്ല. ആശങ്കയിലായ തൊഴിലാളികൾ, റെയിൽവേ ട്രേഡ് യൂനിയനുകൾ, പാസഞ്ചർ അസോസിയേഷനുകൾ, വ്യാപാര സംഘടനകൾ എന്നിവരുമായി അടുത്ത ദിവസം തന്നെ യോഗം വിളിച്ചു ചേർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

