പാലക്കാട്ടെ കോൺഗ്രസ് നേതാവ് തോക്കും തിരയുമായി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsചെന്നൈ: തോക്കും തിരകളും കൈവശം വെച്ചതിന് പാലക്കാട് ജില്ല കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ. തങ്ങൾ(60) കോയമ്പത്തൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ. സഹയാത്രികനായ പട്ടാമ്പി സ്വദേശി അബ്ദുൽ കബൂറിനെ (58) കസ്റ്റഡിയിലെടുത്തു.
പട്ടാമ്പി നഗരസഭ മുൻ ചെയർമാൻ കൂടിയാണ് തങ്ങൾ. ചൊവ്വാഴ്ച രാവിലെ 6.55ന് കോയമ്പത്തൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോകുന്ന സ്വകാര്യ വിമാനത്തിൽ കയറാനാണ് ഇവരെത്തിയത്. എയർപോർട്ടിലെ സുരക്ഷ ചുമതല വഹിക്കുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ നടത്തിയ സ്കാനർ പരിശോധനയിലാണ്, തങ്ങളുടെ ബാഗിൽ മതിയായ രേഖകളില്ലാതെ 22 എം.എം പിസ്റ്റളും ഏഴു തിരകളും കണ്ടെത്തിയത്.
ഉപയോഗിക്കാത്ത തോക്കാണിതെന്നും ധിറുതിപിടിച്ച യാത്രക്കിടെ ബാഗിലുണ്ടായിരുന്നത് ശ്രദ്ധിച്ചില്ലെന്നും തങ്ങൾ പീളമേട് പൊലീസിന് മൊഴി നൽകി. ബംഗളൂരു വഴി പഞ്ചാബിലെ അമൃത്സറിലേക്ക് പോവുകയായിരുന്നു തങ്ങൾ. തോക്കിന് ലൈസൻസുണ്ടെന്നും എന്നാൽ ഈയിടെയായി പുതുക്കാറില്ലെന്നും മൊഴി നൽകി. ഇരുവരെയും പൊലീസ് ചോദ്യംചെയ്യുകയാണ്. അതിനിടെ വിവരമറിഞ്ഞ് കോയമ്പത്തൂരിലെ ബി.ജെ.പി പ്രവർത്തകർ പീളമേട് പൊലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ചത് സംഘർഷത്തിനിടയാക്കി.

