ആദിവാസി ഭൂമി കൈയേറ്റം കാണാനെത്തി, കാഴ്ച കണ്ട് നടുങ്ങി പാലക്കാട് കലക്ടർ
text_fieldsതൃശൂർ: മൂലഗംഗൽ അടക്കമുള്ള അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിലെ കൈയേറ്റം കാണാനെത്തിയ പാലക്കാട് കലക്ടർ എം.എസ്. മാധവിക്കുട്ടി നടുങ്ങി. പരിസ്ഥിതി ദുർബല മേഖലയിലെ നീരുറവകൾ മണ്ണിട്ട് നികത്തിയതും മുളങ്കാടുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതെറിഞ്ഞതും കലക്ടർ നേരിട്ട് കണ്ടു. മൂലഗംഗൽ ആദിവാസി ഊരിന് ഒരു വശത്ത് തമിഴ്നാട് അതിർത്തിയാണ്. മറുവശത്ത് വനംഭൂമി. തമിഴ്നാട് അതിർത്തിയിൽ 14 ഏക്കർ ഭൂമി ഒരാൾ വിലയാധാരം വാങ്ങിയെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ വാദിക്കുന്നത്.
നേരത്തെ നിരവധി തവണ പരാതി നൽകിയിട്ടും ആധാരങ്ങളുടെ ഉറവിടം കണ്ടെത്താൻ റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്താറില്ലെന്ന് ആദിവാസികൾ പറഞ്ഞു. ആദിവാസി മേഖലയിലെ ഭൂമിക്ക് വ്യാജ ആധാരങ്ങൾ രജിസ്റ്റർ ചെയ്തു നൽകുന്നു. ഇത് പരിശോധിക്കാതെ പോക്കുവരവ് നടത്തി നികുതിയടച്ച് നൽകുകയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പരിപാടി. നേരത്തെ റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം മൂലഗംഗൽ സന്ദർശിച്ചിരുന്നു. അന്ന് കലക്ടർ എം.എസ്. മാധവിക്കുട്ടി കേന്ദ്ര സർക്കാറിന്‍റെ പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാൽ എത്തിയിരുന്നില്ല. രാജമാണ്യം സന്ദർശിച്ചതിന് ശേഷവും കൈയേറ്റം നടന്നുവെന്നാണ് ആദിവാസികൾ പറയുന്നത്.
കഴിഞ്ഞ 31ന് രാത്രി മൂലഗംഗൽ ആദിവാസി ഊരിന് അടുത്ത് വാഹനങ്ങളും യന്ത്രങ്ങളും കൊണ്ടുവന്നു. വൈദ്യുതി വേലി കെട്ടുന്നതിനുള്ള പൈപ്പുകൾ അവിടെയിറക്കി. രാത്രി നിർമാണ പ്രവർത്തനം തുടങ്ങാൻ ഒരുങ്ങിയപ്പോഴാണ് ആദിവാസി സ്ത്രീകൾ കലക്ടറെ വിവരം അറിയിച്ചത്. രാത്രി തന്നെ കലക്ടർ ഇടപെട്ടു. ഷോളയൂർ പൊലീസ് എത്തി വാഹനങ്ങൾ തിരിച്ചയച്ചു. തുടർന്ന് തഹസിൽദാർ ഇരുകക്ഷികളുമായി ചർച്ച നടത്തി. ഈ ഭൂമി സംബന്ധിച്ച കേസുള്ളതിനാൽ കോടതിയിൽ തീരുമാനമാകുന്നതുവരെ പ്രവൃത്തികൾ നിർത്തിവെക്കണമെന്ന് നിർദേശം നൽകി.
ആധാരം കൈയിലുള്ള പലർക്കും ഭൂമി എവിടെയാണെന്ന് പോലും അറിയില്ല. കൈയിൽ ആധാര കടലാസ് മാത്രമേയുള്ളൂ. പിന്നീടവർ ഉയർന്ന വിലക്ക് മറിച്ചു വിൽക്കും. മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം മേഖലകളിൽ ഇങ്ങനെ പലരും ഭൂമി സ്വന്തമാക്കി കഴിഞ്ഞു. ആദിവാസികൾ നൽകിയ പരാതികളിലെല്ലാം തഹസിൽദാർ നൽകിയ മറുപടി ആദിവാസികളുടെ കൈയിൽ ഭൂമി സംബന്ധമായ രേഖകളില്ലെന്നാണ്. ആദിവാസി മേഖലയിൽ ഭൂമി കൈമാറ്റം നടത്തിയതിന്‍റെ നാൾവഴികൾ പരിശോധിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.
മൂലഗംഗൽ അടക്കമുള്ള ഊരുകളിൽ കലക്ടർ കണ്ടത് പ്രകൃതി നശീകരണത്തിന്റെ കാഴ്ചകളാണ്. പച്ചമുളകൾ ഉൾപ്പെടെ പിഴുതെറിഞ്ഞിരിക്കുന്നു. റവന്യൂ സെക്രട്ടറി രാജമാണിക്യം സന്ദർശനം നടത്തിയതിനുശേഷം പലയിടത്തും വൈദ്യുതി വേലികൾ കെട്ടിക്കഴിഞ്ഞു. ഇതിനെല്ലാം ഒത്താശ ചെയ്തത് റവന്യൂ ഉദ്യോഗസ്ഥരാണ്. ഭൂമി വിലയാധാരം വാങ്ങിയവരും നികുതിയടച്ചവരുമാണ് രംഗത്ത് വരുന്നത്. ഇവരിലേക്ക് ഭൂമി എങ്ങനെയെത്തി എന്ന ചോദ്യത്തിന് ആർക്കും ഉത്തരം ഉണ്ടാകില്ല.
ആധാരങ്ങളുടെ ഉറവിടം കണ്ടെത്താൻ റവന്യൂ ഉദ്യോഗസ്ഥർ 1962-64 കാലത്ത് സർവേ റിപ്പോർട്ട് അടക്കമുള്ള രേഖകൾ പരിശോധന നടത്താറില്ല. വ്യാജ ആധാരങ്ങൾ രജിസ്റ്റർ ചെയ്തു നൽകുന്നതോടെ പോക്കു വരവും നടത്തി നികുതിയടച്ച് നൽകുകയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പരിപാടി. പലർക്കും വാങ്ങിയ ഭൂമി എവിടെയാണെന്ന് പോലും അറിയില്ല. കൈയിൽ ആധാര കടലാസ് മാത്രമേയുള്ളൂ.
പിന്നീടവർ ഉയർന്ന വിലക്ക് മറിച്ചു വിൽക്കും. മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം മേഖലകളിൽ എല്ലാം ഇങ്ങനെ പലരും ഭൂമി സ്വന്തമാക്കി കഴിഞ്ഞു. തഹസിൽദാരുടെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ തണ്ടപ്പേർ നൽകി കഴിഞ്ഞു. അടിസ്ഥാന റവന്യൂ രേഖകൾ പരിശോധിക്കാതെ നടത്തുന്ന ഡിഡിറ്റൽ സർവേ കഴിയുന്നതോടെ ഭൂമി നഷ്ടമാകുമെന്ന ആശങ്കയിലാണ് ആദിവാസികൾ.
ആദിവാസി നേതാക്കളായ ടി.ആർ. ചന്ദ്രൻ, അട്ടപ്പാടി സുകുമാരൻ തുടങ്ങിയവർ കൈയേറ്റ സ്ഥലങ്ങൾ ചൂണ്ടിക്കാണിച്ചു. അട്ടപ്പാടി തഹസിൽദാർ പി.എ. ഷാനിവാസ് ഖാൻ നിയുക്ത തഹസിൽദാർ ടിജോ ഫ്രാൻസിസ്, ഭൂരേഖ തഹസിൽദാർ അഭിലാഷ് ഐ.ടി.ഡി.പി ഓഫിസർ കെ.എം. സാദിഖലി തുടങ്ങിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

