പാലക്കാട് കോച്ച് ഫാക്ടറി: യു.ഡി.എഫ് എം.പിമാർ ധർണ നടത്തി; ഇടതിനോട് സഹകരിക്കാമെന്ന് ആന്‍റണി
text_fieldsന്യൂഡൽഹി: പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ ധർണ നടത്തി. ഡൽഹിയിലെ റെയിൽ ഭവന് മുമ്പിലാണ് ധർണ നടത്തിയത്. വിഷയത്തിൽ നീതി ലഭിക്കണമെന്ന് എ.കെ. ആന്‍റണിയുടെ നേതൃത്വത്തിൽ നടത്തിയ ധർണയിൽ എം.പിമാർ ആവശ്യപ്പെട്ടു.
കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത എ.കെ. ആന്‍റണി ആരോപിച്ചു. കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ എം.പിമാർ ധർണ നടത്തേണ്ട അവസ്ഥയാണ്. യു.പി.എ സർക്കാറിന്‍റെ വാക്കു പാലിക്കാൻ മോദി സർക്കാർ തയാറാകുന്നില്ലെങ്കിൽ ശക്തമായ സമരം കാണേണ്ടി വരുമെന്നും ആന്‍റണി പറഞ്ഞു.
കേന്ദ്രം വാഗ്ദാന ലംഘനം നടത്തുകയാണ്. കോച്ച് ഫാക്ടറി എന്നത് ജനങ്ങളുടെ ചിരകാല അഭിലാഷമാണെന്നും ഈ സമരത്തിൽ കേരളത്തിലെ ഭരണകക്ഷിയോട് സഹകരിക്കാൻ യു.ഡി.എഫ് തയാറാണെന്നും ആന്‍റണി വ്യക്തമാക്കി.
പാലക്കാട് കോച്ച് ഫാക്ടറിയേക്കാൾ റായ്ബറേലി കോച്ച് ഫാക്ടറിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് യു.പി.എ സര്‍ക്കാറിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. ആരോപണം വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കാൻ ആന്‍റണി പിയൂഷ് ഗോയലിനെ വെല്ലുവിളിച്ചു.
കോച്ച് ഫാക്ടറി വിഷയത്തില്‍ ഇടതുപക്ഷം ഒറ്റക്ക് ധര്‍ണ നടത്തിയത് ശരിയായില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ഇക്കാര്യം പ്രതിപക്ഷ കക്ഷികളുമായിചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയാറായില്ല. പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് പെരുമാറുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
ധർണയിൽ കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ്, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, ആന്‍റോ ആന്‍റണി, കെ.വി. തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
