ആറുവയസ്സുകാരെൻറ കൊലപാതകം: മാതാവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
text_fieldsപാലക്കാട്: ആറുവയസ്സുകാരനായ മകൻ ആമിൽ ഇഹ്സാനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള മാതാവ് ഷഹീദയെ (32) പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബുധനാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ഞായറാഴ്ച രാത്രി പാലക്കാട് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ വനിതകളെ പാർപ്പിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. കോവിഡ് പരിശോധന നടത്തേണ്ടതിനാൽ കസ്റ്റഡിയിൽ ലഭിക്കാൻ ദിവസങ്ങളെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന പുതുപ്പള്ളിത്തെരുവ് പൂളക്കാെട്ട വീട്ടിൽ അന്വേഷണസംഘം തിങ്കളാഴ്ച പരിശോധന നടത്തി.
കത്തിയിലെ രക്തം തുടക്കാനുപയോഗിച്ച തുണി, യുവതി ഉപയോഗിച്ച രക്തംപുരണ്ട വസ്ത്രം, കുട്ടിയുടെ കാലുകൾ കെട്ടിയിടാൻ ഉപയോഗിച്ച കയറിെൻറ ബാക്കിഭാഗം എന്നിവ കസ്റ്റഡിയിലെടുത്തു. കൊല നടത്തിയത് മാതാവ് തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും കാരണങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
ദൈവപ്രീതിക്കായി കൊല നടത്തിയെന്ന യുവതിയുടെ മൊഴി എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാ വശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മനോവൈകല്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നുണ്ടെങ്കിലും അവരുടെ സംസാരത്തിലോ ഭാവഭേദങ്ങളിലോ അത് പ്രകടമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ബാലാവകാശ കമീഷൻ കേസെടുത്തു
തിരുവനന്തപുരം: ദൈവപ്രീതിക്കായി മാതാവ് മകനെ ബലി നൽകിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാെൻറ മകൻ ആമിൽ ഇഹ്സാൻ എന്ന ആറുവയസ്സുകാരനെ മാതാവ് ഷാഹിദ കഴുത്തറുത്ത് കൊന്നെന്നാണ് കേസ്.
അന്ധവിശ്വാസങ്ങൾ ഒരു കുട്ടിയുടെ ജീവൻ കൂടി അപഹരിച്ചിരിക്കുകയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച കമീഷൻ അംഗം സി. വിജയകുമാർ പറഞ്ഞു. ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ല പൊലീസ് മേധാവി, ജില്ല ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.