ബ്രൂവറി: സി.പി.ഐയിലും അതൃപ്തി നുരയുന്നു: നേതൃത്വം അറിഞ്ഞു; ഇടപെട്ടില്ല
text_fieldsതിരുവനന്തപുരം: പാലക്കാട്ടെ, വിവാദ ബ്രൂവറിയുടെ കാര്യത്തിൽ മന്ത്രിസഭ യോഗത്തിലെ സി.പി.ഐ മന്ത്രിമാരുടെ നിശ്ശബ്ദതയും നേതൃത്വത്തിന്റെ നിസ്സംഗതയും പാർട്ടിക്കുള്ളിലും പുകയുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് വിശദാംശങ്ങൾ ആരായാനോ വിയോജിപ്പ് രേഖപ്പെടുത്താനോ മന്ത്രിമാർക്ക് കഴിഞ്ഞില്ലെന്നാണ് വിമർശനം. വികസന പദ്ധതി എന്നതിനപ്പുറം പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉൾക്കൊണ്ട് നിലപാട് സ്വീകരിക്കാനായില്ലെന്ന ആക്ഷേപം എക്സിക്യൂട്ടിവിലുമുണ്ടായി. പ്രതിപക്ഷ ആരോപണങ്ങളെല്ലാം തള്ളി മുഖ്യമന്ത്രി നിലപാട് വിശദീകരിച്ച ശേഷവും വിയോജിപ്പ് തുറന്നുപറഞ്ഞ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയതും പാർട്ടിക്കുള്ളിലെ സമ്മർദത്തെ തുടർന്നാണ്. കൂട്ടുത്തരവാദത്തിന്റെ പേരിൽ പദ്ധതിയെ തള്ളാനോ പാർട്ടിയുടെ പ്രഖ്യാപിത നയനിലപാടിന്റെ പേരിൽ കൊള്ളാനോ കഴിയാത്ത നിലയിലാണ് സി.പി.ഐ.
ഏത് വികസനം വരുമ്പോഴും കുടിവെള്ളത്തിന്റെ കാര്യം പ്രധാനമാണെന്നും കുടിവെള്ളത്തെയും പാവപ്പെട്ട മനുഷ്യരെയും മറന്നുകൊണ്ട് വികസനം വന്നാൽ, അതിനെ ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നുമായിരുന്നു എക്സിക്യൂട്ടിവ് യോഗ ശേഷമുള്ള ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എലപ്പുള്ളിയിലെ ബ്രൂവറിക്ക് സി.പി.ഐ എതിരാണോ എന്ന ചോദ്യത്തിന് താൻ പറഞ്ഞതിൽ എല്ലാമുണ്ടെന്ന മറുപടിയിലും നിലപാട് വ്യക്തം.
ബ്രൂവറി കമ്പനിക്ക് അനുമതി നൽകുന്ന അജണ്ട മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന കാര്യം സി.പി.ഐക്ക് അറിവുണ്ടായിരുന്നു. കാബിനറ്റിന് തലേന്ന് അജണ്ടയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിമാർ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. സ്വകാര്യ മദ്യനിര്മാണക്കമ്പനികള് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിനാൽ വിയോജിക്കേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിഗമനം. കാര്യമായ വിയോജിപ്പൊന്നും നേതൃത്വം അറിയിക്കാത്തതിനാൽ പാർട്ടിക്ക് വിയോജിപ്പില്ലെന്ന ധാരണയിൽ മന്ത്രിമാരും തലകുലുക്കി.
വിഷയം ചർച്ച ചെയ്ത ഘട്ടത്തിൽ പദ്ധതിക്കായുള്ള ജലലഭ്യതയെ കുറിച്ച് സി.പി.ഐ മന്ത്രിമാരിൽ ഒരാൾ ചോദ്യമുന്നയിച്ചു. ആവശ്യമായത്ര വെള്ളം ജല അതോറിറ്റി നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകുകയും ചെയ്തു. ഇതോടെ, ചർച്ചയും അവസാനിച്ചു. എന്നാൽ, പാലക്കാട്ടെ കുടിവെള്ള പ്രശ്നവും പാരിസ്ഥിതിക വിഷയങ്ങളുമടക്കം പ്രതിപക്ഷം രംഗത്തെത്തിയതോടെ കര്ഷകര്ക്ക് പ്രയോജനമുള്ള പദ്ധതിയെന്ന ധാരണയിൽ മന്ത്രിസഭയിൽ പിന്തുണ നൽകിയ സി.പി.ഐ വെട്ടിലായി. സി.പി.ഐയുടെ പരിസ്ഥിതി നയസമീപനങ്ങളിൽ നിന്ന് വിരുദ്ധമായ സമീപനമുണ്ടായെന്ന വിമർശനവും പാർട്ടിക്കുള്ളിലുയർന്നു. ഇത് എക്സിക്യൂട്ടിവിലും ആവർത്തിച്ചതോടെയാണ് പദ്ധതിയുടെ പേര് പറയാതെയും എങ്ങും തൊടാതെയുമുള്ള പാർട്ടി സെക്രട്ടറിയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

