മന്ത്രിപദം തെറിപ്പിച്ച അരമനയോഗം; സുപ്രീംകോടതി കയറി മടക്കം
text_fieldsകോട്ടയം: വാശി മുറ്റിയ പോരാട്ടം ജനകീയ കോടതിയും കടന്നു പരമോന്നത കോടതി വരെ എത്തിയ ആവേശവും കോലാഹലങ്ങളുമാണ് 1977ലെ പാലാ നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ ചരിത്രപുസ്തകത്തിൽ ഇടംകൊടുത്തത്. അര നൂറ്റാണ്ടിലധികം മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും പാലാക്കാർ നെഞ്ചോടു ചേർത്ത കെ.എം മാണിയായിരുന്നു കോൺഗ്രസും സി.പി.ഐയും നയിച്ച ഐക്യമുന്നണിയുടെ സ്ഥാനാർഥി.
അടിയന്തരാവസ്ഥയുടെ മുറിവുകൾ ഉണങ്ങിത്തുടങ്ങുന്നതേ ഉള്ളൂ അന്ന്. പൊതു സ്വതന്ത്രനായി എതിർപക്ഷം അവതരിപ്പിച്ച എൻ.സി ജോസഫ് ആയിരുന്നു മുഖ്യ എതിരാളി.
കടുത്ത മത്സരം. വിജയത്തുലാസ് ഏതു വശത്തേക്കും ചാഞ്ഞേക്കാമെന്ന മട്ടിൽ പ്രചാരണം കൊഴുത്തു. മണ്ഡലത്തിലെ നിർണായക ശക്തിയായ കത്തോലിക്ക സഭ ആരെ പിന്തുണക്കുന്നു എന്നതിൽ അവ്യക്തത. സ്ഥാനാർഥികൾ രണ്ടു പേരും പാലാ രൂപതക്കാർ. പള്ളിയോട് അടുത്തു നിൽക്കുന്നവർ. സഭയുടെ പൂർണ പിന്തുണ പതിവുപോലെ മാണിക്കൊപ്പമില്ല എന്ന പ്രചാരണം ഐക്യമുന്നണിയിൽ ആശങ്ക പരത്തി.
മാർച്ച് 19നാണ് തെരഞ്ഞെടുപ്പ്. മാർച്ച് 12ന് വൈകിട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജോസഫ് തോമസ് മുൻകൈ എടുത്ത് പാലാ ബിഷപ് ഹൗസിൽ വൈദികരുടെയും പ്രമാണിമാരുടെയും യോഗം വിളിച്ചു. മാർ. സെബാസ്റ്റ്യൻ വയലിൽ ആയിരുന്നു ബിഷപ്. പിന്നീട് സഭ മേലധ്യക്ഷനായി ഉയർന്ന മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ സഹായ മെത്രാനും. ഇവർക്കൊപ്പം പ്രമുഖ അബ്കാരി മണർകാട് പാപ്പൻ, എം.സി ജോസഫ് പടിഞ്ഞാറേക്കര, ചെറിയൻ കാപ്പൻ(മാണി സി. കാപ്പൻ എം.എൽ.എയുടെ പിതാവ്) തുടങ്ങിയ പ്രമുഖരൊക്കെ യോഗത്തിനെത്തി. രാഷ്ട്രീയ ലക്ഷ്യം അറിയാതെയാണു മിക്കവരും യോഗത്തിനെത്തിയതെങ്കിലും ഭൂപരിഷ്കരണ നിയമത്തെ തുടർന്നു കുടിയേറ്റ കർഷകർ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് മാണിയുടെ ജയം അനിവാര്യമാണെന്ന് ജോസഫ് തോമസ് ഇടയ്ക്കും തലയ്ക്കും എണീറ്റുനിന്ന് ആളുകളെ ഉണർത്തി.
മാർച്ച് 20ന് വോട്ടെണ്ണിയപ്പോൾ വൻ ഭൂരിപക്ഷത്തിലായിരുന്നു മാണിയുടെ വിജയം. മാണി 39,664 വോട്ട് നേടിയപ്പോൾ എം.സി ജോസഫിന് 24,807 വോട്ട് നേടാനേ കഴിയുള്ളൂ. കെ. കരുണാകരൻ മന്ത്രിസഭയിൽ മാണി ആഭ്യന്തര മന്ത്രിയായി. സ്വാഭാവികമായും ജോസഫ് തോമസ് ഡി.ജി.പിയെ പോലെ വിലസി നടന്നു.
അരമനയിലെ യോഗം ജനപ്രാതിനിധ്യ നിയമ വ്യവസ്ഥകൾക്കു വിരുദ്ധവും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് ആരോപിച്ച് മണ്ഡലത്തിലെ വോട്ടറായ പി.ജെ ആന്‍റണി ഹൈകോടതിയെ സമീപിച്ചു. ഭരണങ്ങാനം ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനെ കണ്ടു മടങ്ങുംവഴി അരമനയിൽ കയറിയെന്നേയുള്ളു എന്നായിരുന്നു ജോസഫ് തോമസിന്‍റെ വാദം.1977 ഡിസംബർ 21ന് മാണിയുടെ തെരഞ്ഞെടുപ്പ് ജയം ഹൈകോടതി അസാധുവാക്കി.
ജനപ്രാതിനിധ്യ നിയമം 129ാം വകുപ്പ് പ്രകാരം ചട്ടലംഘനം ചൂണ്ടിക്കാണിച്ചു വിധി പറഞ്ഞ ഹൈകോടതി പക്ഷേ, എം.സി ജോസഫിനെ വിജയിയായി പ്രഖ്യാപിച്ചില്ല. തുടർന്ന് മാണി മന്ത്രിപദം രാജിവെച്ചു. പി.ജെ ജോസഫ് ആഭ്യന്തര മന്ത്രിയായി. എന്നാൽ, സുപ്രീംകോടതി മാണിക്ക് ഒപ്പമായിരുന്നു. 1978 ഡിസംബർ 12ന് പരമോന്നത കോടതി ഹൈകോടതി വിധി റദ്ദാക്കി മാണിയുടെ ജയം ശരിവെച്ചതോടെ ജോസഫ് ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

