ഓഡിറ്റോറിയത്തിൽ പാകിസ്താൻ പതാക; ഉടമക്കെതിരെ കേസ്
text_fieldsഉദയംപേരൂർ: ഓഡിറ്റോറിയത്തിൽ നിന്നും പാകിസ്താൻ പതാക കണ്ടെടുത്ത സംഭവത്തിൽ ഓഡിറ്റോറിയം ഉടമക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട് കവലക്കടുത്തുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയം ഉടമ കുരീക്കാട് ജെയ് നഗർ കല്ലിങ്കത്തറ വീട്ടിൽ ദീപു ജേക്കബിനെതിരെയാണ് (44) ഉദയംപേരൂർ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ഏഴിന് ഓഡിറ്റോറിയത്തിൽ നടന്ന പാസ്റ്റർമാരുടെ യോഗത്തിൽ വിവിധ രാജ്യങ്ങളുടെ പതാകക്കൊപ്പം പാക് പതാകയും പരസ്യമായി പ്രദർശിപ്പിച്ച് ആരാധന നടത്തിയെന്നാണ് കേസ്. വിവരമറിഞ്ഞ് പരിശോധനക്കെത്തിയ പൊലീസ്, ഓഡിറ്റോറിയത്തിന്‍റെ ശുചിമുറിക്കടുത്ത് നിന്ന് പാക് പതാക കണ്ടെടുത്തു. തുടർന്ന് ഇത് കസ്റ്റഡിയിലെടുത്തു.
ഒന്നര വർഷം മുമ്പ് ചൈനയിൽ നിന്നാണ് 20 രാജ്യങ്ങളുടെ പതാക വാങ്ങിയതെന്നും അതിലുണ്ടായിരുന്നതാണ് പാക് പതാകയെന്നും ഉടമ പൊലീസിനോട് വിശദീകരിച്ചു. ഒന്നര വർഷമായി വിവിധ രാജ്യങ്ങൾക്കായുള്ള പ്രാർഥനയിൽ ഇത് ഇവിടെ ഉപയോഗിച്ചു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.