പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവം: മദ്യലഹരിയിലെ വെളിപ്പെടുത്തല്‍ പൊലീസിനെ വട്ടംകറക്കി
text_fieldsകുളത്തൂപ്പുഴ: കുളത്തൂപ്പുഴ വനമേഖലയില്‍നിന്ന് പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ബന്ധുവിനെ കുടുക്കുക എന്ന ലക്ഷ്യത്തോടെ യുവാവ് നടത്തിയ വ്യാജ വെളിപ്പെടുത്തലില്‍ വട്ടംകറങ്ങി അന്വേഷണസംഘം. നാളുകളായുള്ള വഴിത്തര്ക്കത്തിെൻറ പേരില്‍ അഫ്ഗാനിസ്താനില്‍ ജോലി ചെയ്യുന്ന ബന്ധുവിനെ കുടുക്കാനാണ് യുവാവ് വ്യാജവെളിപ്പെടുത്തല്‍ നടത്തി പൊലീസിനെ കറക്കിയത്.
കുളത്തൂപ്പുഴ ടൗണിലെ ടാക്സി ഡ്രൈവറായ കല്ലുവെട്ടാംകുഴി മുരുപ്പേലില് വീട്ടില്‍ ബിനു വർഗീസ് (40) ആണ് മദ്യലഹരിയില്‍ വ്യാജസന്ദേശം അന്വേഷണസംഘത്തിന് കൈമാറിയത്.
കഴിഞ്ഞ ശിവരാത്രി ദിനത്തിലാണ് തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപം വനാതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാകിസ്താൻ ഓര്‍ഡിനന്‍സ് ഫാക്ടറി മുദ്രയുള്ള 14 യന്ത്രത്തോക്ക് തിരകൾ പൊലീസ് കണ്ടെത്തിയത്.
ദേശീയ-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ സംഭവം ഗുരുതരമായി കണ്ട് അന്വേഷണം നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം യുവാവ് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് സംഭവം വ്യാജസന്ദേശമാണെന്ന് അന്വേഷണസംഘത്തിന് വെളിപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബിനു വര്‍ഗീസും അയല്‍വാസിയായ മുണ്ടപ്ലായ്ക്കല് വീട്ടില്‍ മോനച്ചനും ബന്ധുക്കളാണ്. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ പട്ടാള ക്യാമ്പിലെ ഭക്ഷ്യശേഖരണ ശാലയുടെ സൂക്ഷിപ്പുകാരനായ മോനച്ചന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഇരുവരും തമ്മില്‍ നിലനിന്നിരുന്ന വഴിത്തര്‍ക്കം വീണ്ടും ആവര്‍ത്തിക്കുകയും ഇതുസംബന്ധിച്ച് മോനച്ചന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിലുള്ള വിരോധം തീര്‍ക്കാനാണ് വ്യാജ വെളിപ്പെടുത്തലുമായി ഇയാള്‍ രംഗത്തുവന്നത്.
മോനച്ചന് വിദേശത്തുനിന്ന് നാട്ടിലെത്തിച്ച വെടിയുണ്ട സംഭവദിവസം തെൻറ കാറില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നതിനിടയില്‍ വഴിയോരത്തേക്ക് വലിച്ചെറിഞ്ഞെന്നാണ് ഫോണിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.
എന്നാല്‍ അത്തരത്തിലൊരു യാത്രയോ സംഭവമോ ഉണ്ടായിട്ടില്ലെന്നും മുന്‍വൈരാഗ്യംമൂലം മദ്യലഹരിയില്‍ നടത്തിയ വ്യാജ വെളിപ്പെടുത്തലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.