പൈങ്കുളം ദാമോദര ചാക്യാർ നിര്യാതനായി
text_fieldsചെറുതുരുത്തി: ചാക്യാർകൂത്ത്, കൂടിയാട്ടം എന്നീ കലകളുടെ നവോത്ഥാന നായകൻ എന്ന നിലയിൽ പ്രസിദ്ധനായ പൈങ്കുളം ദാമോദര ചാക്യാർ (82) നിര്യാതനായി. കലാലോകം ‘വിദൂഷക സാർവദൗമൻ’ എന്ന് വിശേഷിപ്പിക്കുന്ന ദാമോദര ചാക്യാർ ബുധനാഴ്ച ഉച്ചക്ക് ബംഗളൂരുവിലെ തിപ്പസാന്ദ്രയിലുള്ള മകെൻറ വസതിയിലാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു.
ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.1935 ഫെബ്രുവരി പൈങ്കുളം കൊയ്യപ്പ ചാക്യാർ മഠത്തിൽ ശ്രീദേവി ഇല്ലോടമ്മയുടെയും പൈങ്കുളം ഏഴിക്കോട്മനയിൽ രാമൻ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച ദാമോദര ചാക്യാർ 13ാം വയസ്സിൽ വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് കലാരംഗത്ത് സജീവമായത്. അമ്മാവന്മാരായ പൈങ്കുളം രാമചാക്യാർ, നാരായണ ചാക്യാർ എന്നവരിൽനിന്ന് കൂത്തും കൂടിയാട്ടവും അഭ്യസിച്ചു.
രാമചാക്യാർക്കൊപ്പമാണ് കൂടിയാട്ട അരങ്ങുകളിലെ നിറസ്സാന്നിധ്യമായത്. കലാമണ്ഡലം കൂടിയാട്ട സംഘത്തിെൻറ പ്രഥമ വിദേശ പര്യടന സംഘത്തിൽ അംഗമായിരുന്നു. അരനൂറ്റാണ്ടിലേറെ കലാരംഗത്ത് പ്രവർത്തിച്ച അദ്ദേഹം അയ്യായിരത്തിലധികം വേദികളിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇൗ കലാരൂപത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ദാമോദര ചാക്യാരെ തേടി നിരവധി പുരസ്കാരങ്ങളും എത്തി.
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം, വിദൂഷക രത്നാകരം, വിദൂഷക സാർവദൗമൻ പുരസ്കാരങ്ങൾ ഇതിൽ ചിലതാണ്. മൃതദേഹം വ്യാഴാഴ്ച പുലർച്ചെ തൃശൂർ ചാത്തംകുളത്തെ വസതിയിൽ എത്തിക്കും. ഭാര്യ: സരസ്വതി നങ്ങ്യാരമ്മ. മക്കൾ: രവി, രശ്മി (ബംഗളൂരു), രതി, രജനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
