അനാശാസ്യകേന്ദ്രത്തിൽ പണം നൽകി ലൈംഗികബന്ധം: പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: അനാശാസ്യ കേന്ദ്രത്തിലെത്തി പണം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുന്നയാൾക്കെതിരെ വേശ്യാവൃത്തി പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് ഹൈകോടതി. ലൈംഗികത്തൊഴിലാളി ഒരു ഉൽപന്നമല്ലാത്തതിനാൽ അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക തൊഴിലാളിക്കൊപ്പം ബന്ധപ്പെടുന്നയാളെ ഉപഭോക്താവായി കാണാനാകില്ല. ഉപഭോക്താവായി കാണണമെങ്കിൽ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണമെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
തിരുവനന്തപുരം പേരൂർക്കട പൊലീസ് 2021ൽ അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരമെടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാംപ്രതി നൽകിയ ഹരജി ഭാഗികമായി അനുവദിച്ച ഉത്തരവിലാണ് നിരീക്ഷണം.
അനാശാസ്യകേന്ദ്രത്തിലെത്തുന്ന പലരും മനുഷ്യക്കടത്തിന്റെ ഇരകളോ മറ്റുള്ളവരുടെ ശാരീരിക സുഖത്തിനായി സ്വന്തം ശരീരം സമർപ്പിക്കാൻ നിർബന്ധിതരാകുന്നവരോ ആണ്. ഇവരുടെ പേരിൽ നൽകുന്ന പണത്തിലേറെയും പോകുന്നത് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരുടെ കൈകളിലേക്കായിരിക്കും. അതിനാൽ, അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗികബന്ധത്തിന് പണം നൽകുന്നയാൾക്കെതിരെ അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ വകുപ്പ് 5(1) ഡി പ്രകാരം പ്രേരണക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
പൊതുസ്ഥലത്തിന് സമീപം അനാശാസ്യകേന്ദ്രം നടത്തിയതിന് ചുമത്തിയ വകുപ്പും ഇടപാടുകാരനെതിരെ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, അനാശാസ്യകേന്ദ്രം നടത്തി എന്നതടക്കം കുറ്റങ്ങൾ കോടതി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

