പാലക്കാട് വോട്ടിനായി പണം നൽകി; പൊലീസ് കേസെടുത്തു
text_fieldsപാലക്കാട്: പാലക്കാട് ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടിനായി പണം നൽകിയെന്ന കേസിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. കണ്ടാൽ തിരിച്ചറിയാവുന്ന എൻ.ഡി.എ പ്രതിനിധിക്കെതിരെയാണ് കേസെടുത്തത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി എഫ്.ഐ.ആർ. നിലവിൽ പണം നൽകിയ സ്ത്രീയുടെ പേര് പ്രതിപട്ടികയിൽ ചേർത്തിട്ടില്ല. ശോഭ സുരേന്ദ്രന്റെയും മറ്റും പേരും എഫ്.ഐ.ആറിൽ ചേർത്തിട്ടില്ല.
പ്രതി കേരളം വിട്ടുവെന്നുമാണ് സൂചന. പാലക്കാട് സ്വദേശിയായ സ്ത്രീയാണ് പണം നൽകിയെതെന്നും അവർ മുബൈയിലാണ് താമസമെന്നും വിമാനം വഴി മുബൈക്ക് പോയെന്നും പറയുന്നു. ആദ്യം പണം നൽകിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് പണം അവരുടെ വല്ല്യമ്മക്ക് നൽകിയെന്ന് മാറ്റി പറയുകയായിരുന്നു. ഇതിനിടെ പണം വിതരണം ചെയ്ത സ്ത്രീയെ അറിയില്ലെന്ന ശോഭ സുരേന്ദ്രന്റെ വാദം പൊളിഞ്ഞു. പണം നൽകിയ സ്ത്രീ ശോഭ സുരേന്ദ്രനൊപ്പം നിൽക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്. ഇതോടെ ശോഭ വീണ്ടും വെട്ടിലായി.
ബി.ജെ.പി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭക്കൊപ്പം നിൽക്കുന്ന ഇവരുടെ ഫോട്ടോ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴുള്ളതാണ്. ഈ ഫോട്ടോ ഇവരുടെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നതാണ്. ഇതേ യുവതി ശോഭയുടെ കാറിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. നേരത്തെ തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. പണം കൈമാറിയെന്ന് പറയുന്ന യുവതിയെ തനിക്ക് അറിയില്ലെന്നും ശോഭ പറഞ്ഞിരുന്നു.
കണ്ണാടി മേഖലയിൽ ബി.ജെ.പി പണം വിതരണം ചെയ്യുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വിഡിയോ പകർത്തുകയായിരുന്നു. വീഡിയോ പകർത്തിയവരുടെ ചെപ്പക്ക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിങ്ങൾ ആരാണ് ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് നാട്ടുകാരോട് പ്രകോപനപരമായാണ് ശോഭാസുരേന്ദ്രൻ പെരുമാറിയത്. എന്നാൽ, അപ്പോഴേക്കും പണം കൈമാറുന്ന ദൃശ്യം പകർത്തികഴിഞ്ഞിരുന്നു. സംസ്ഥാനത്ത് അപൂർവമായാണ് സ്ഥാനാർഥി തന്നെ പണം വിതരണം ചെയ്യുന്നത് കയ്യോടെ പിടികൂടുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പണം നൽകുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, വിഡിയോ പകർത്താൻ കഴിഞ്ഞതോടെയാണ് ഈ വിവരം സ്ഥീരീകരിച്ചത്. കലാശക്കൊട്ടിൽ പങ്കെടുക്കുന്നവർക്ക് പണം നൽകുന്നതായി നേരത്തെ തന്നെ പറയപ്പെട്ടിരുന്നു. നിശബ്ദപ്രചാരണ ദിവസമായ ഇന്ന് രാവിലെ മുതൽ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരുടെ വീടുകളിലെത്തി പണം നൽകുകയായിരുന്നു. കണ്ണാടി പഞ്ചായത്തിലെ കണ്ണനൂരിൽ വെച്ചാണ് പണം നൽകുന്നത് പിടികൂടിയത്. കാലങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് കണ്ണാടി. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പണം നൽകി വരുന്നതായി യു.ഡി.എഫ് ആരോപിച്ചിരുന്നു.
ഇലക്ഷൻ കമീഷൻ ഉദ്യോഗസ്ഥർ നാടുനീളെ പരിശോധന നടത്തുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർഥി തന്നെ വോട്ടിനായി പണമൊഴുക്കുന്നത്. ഇത്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. മാധ്യമങ്ങളിൽ നിന്നറിച്ചപ്പോഴാണ് ഇതറിയുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറഞ്ഞു. ഈ വിഷയം വിശ്വാസത്തിലെടുക്കുകയാണ്. ബി.ജെ.പി ഉത്തരേന്ത്യയിലുൾപ്പെടെ പണമൊഴുക്കി വോട്ട് സ്വന്തമാക്കി. ഈ ശൈലി കേരളം അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

