Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഹൽഗാം ഭീകരാക്രമണം:...

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ, മരിച്ചവരിൽ കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥനും

text_fields
bookmark_border
N Ramachandran- Pahalgam Terror Attack
cancel
camera_alt

എൻ. രാമചന്ദ്രൻ  

ശ്രീനഗർ/കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി മങ്ങാട് നിരഞ്ജനയിൽ എൻ. രാമചന്ദ്രൻ (65) ആണ് മരിച്ചത്. മരണം സ്ഥിരീകരിച്ച് കൊച്ചി പൊലീസിനാണ് ഔദ്യോഗിക വിവരം ലഭിച്ചത്.

മുൻ പ്രവാസിയായ രാമചന്ദ്രൻ ഇന്നലെയാണ് കുടുംബത്തോടൊപ്പം ഹൈദരാബാദ് വഴി കശ്മീരിലേക്ക് പോയത്. രാമചന്ദ്രന്‍റെ ഭാര്യ ഷീലയും മകളും മകളുടെ രണ്ട് കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു. മകൻ ബംഗളൂരുവിൽ നിന്ന് കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.

കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. വിനയ് നർവാളാണ് (26) കൊല്ലപ്പെട്ടത്. ആറു ദിവസം മുൻപാണ് വിനയ് നർവാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

നോർക്ക ഹെൽപ്പ് ഡെസ്ക്

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീരിലുള്ള കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക് തുടങ്ങി. സേവനം ലഭിക്കാൻ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിന്‍റെ 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കശ്മീരിൽ കൂടുങ്ങി പോയവർക്കും സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക് നമ്പറിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് റജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക സി.ഇ.ഒ അജിത് കോളശേരി മാധ്യമങ്ങളെ അറിയിച്ചു.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. അതേസമയം, ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 20 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക ശിമോഗ സ്വദേശി മഞ്ചുനാഥ് റാവു (47) ആണ്. വിനോദ സഞ്ചാരികൾ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല മാധ്യമങ്ങളെ അറിയിച്ചു.

വിനോദ സഞ്ചാരികൾക്കായി അനന്ത്നാഗ് പൊലീസ് കൺട്രോൾ റൂം 24 മണിക്കൂർ എമർജൻസി ഹെൽപ് ടെസ്ക് ആരംഭിച്ചു. വിവരങ്ങളറിയാൻ 9596777669, 01932225870, 9419051940 (വാട്ട്സ് ആപ്പ്), എമർജൻസി കൺട്രോൾ റൂം-ശ്രീനഗർ: 0194-2457543, 0194-2483651 ആദിൽ ഫരീദ്, എ.ഡി.സി ശ്രീനഗർ – 7006058623 എന്നീ നമ്പറിൽ ബന്ധപ്പെടുക.

അതിനിടെ, സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. അമിത് ഷായുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ സംസ്ഥാന, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഭീകരാക്രമണം നടന്ന പഹൽഗാമിൽ ആഭ്യന്തര മന്ത്രി നാളെ സന്ദർശനം നടത്തും.

വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാസേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു. പ്രദേശം വളഞ്ഞ സേന റോഡുകളിലും പരിശോധന ശക്തമാക്കി. സഞ്ചാരികളെ പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

സൗദി സന്ദർശനം നടത്തുന്ന പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രി ചർച്ച ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തി ഉചിത നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘവും സൈന്യത്തിന്‍റെ വടക്കൻ മേഖല കമാൻഡറും നാളെ പഹൽഗാമിലെത്തും.

ഇന്ന് ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്.

സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുൽമേട്ടിൽ സഞ്ചാരികൾക്ക് എത്താൻ സാധിക്കൂ.

അതിനിടെ, പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaliPahalgam Terror Attack
News Summary - Pahalgam terror attack: Malayali among those killed
Next Story