പത്മനാഭസ്വാമി ക്ഷേത്ര പുനരുദ്ധാരണം മുഖ്യ തന്ത്രിയുടെ ഉപദേശപ്രകാരം വേണം -ഹൈകോടതി
text_fieldsകൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെയും ശ്രീകോവിൽ ഭാഗങ്ങളുടെയും പുനരുദ്ധാരണ പ്രവൃത്തികൾ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ച് നടത്തണമെന്ന് ഹൈകോടതി. ആചാരപരമായ വിഷയങ്ങളിൽ തന്ത്രിയുടേതാണ് അവസാന വാക്ക്. കോടതിക്കുപോലും പരിമിത അധികാരമാണുള്ളതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധസമിതി റിപ്പോർട്ട് പ്രകാരം പുനരുദ്ധാരണം ആരംഭിക്കുമെന്ന് ക്ഷേത്രഭരണ സമിതി അറിയിച്ചപ്പോഴായിരുന്നു കോടതി നിർദേശം.
മൂലവിഗ്രഹത്തിലെ കേടുപാട് പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കായംകുളം സ്വദേശി അഡ്വ. ആർ. രാജശേഖരൻ പിള്ള സമർപ്പിച്ച ഹരജിയാണ് പരിഗണനയിലുള്ളത്. നേരത്തേ ഹരജി പരിഗണിച്ചപ്പോൾ ഭരണസമിതിയുടെ നടപടി റിപ്പോർട്ടും വിദഗ്ധ സമിതി റിപ്പോർട്ടും തന്ത്രിയുടെ നിലപാടും തേടിയിരുന്നു. എന്നാൽ, കുടുംബപരമായ അസൗകര്യങ്ങൾ മൂലം തന്ത്രിക്ക് കുറിപ്പ് നൽകാനായിട്ടില്ലെന്നാണ് ഭരണസമിതി അറിയിച്ചത്.
അറ്റകുറ്റപ്പണിക്ക് ഒരുക്കങ്ങളായെന്ന് നടപടി റിപ്പോർട്ടിൽ വ്യക്തമാക്കിയ സാഹചര്യംകൂടി കണക്കിലെടുത്താണ് തന്ത്രിയുടെ ഉപദേശം തേടണമെന്ന് കോടതി നിർദേശിച്ചത്. വിഷയം ഒക്ടോബർ ആദ്യവാരം വീണ്ടും പരിഗണിക്കും. മുഖ്യ തന്ത്രിയുടെ കുറിപ്പും അന്ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

