പത്മകുമാർ ജയിലിൽ തുടരും; പോറ്റിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ
text_fieldsകൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനായി എസ്.ഐ.ടി സമർപ്പിച്ച അപേക്ഷ കൊല്ലം വിജിലൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. കേസിൽ യഥാക്രമം ഒന്ന്, ഒൻപത്, പത്ത് പ്രതികളാണിവർ. മൂവരെയും നാളെ കോടതിയിൽ ഹാജരാക്കും.
മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ഒരു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിൽ പറയുന്നത്. സ്വർണാപഹരണത്തിൽ ഗൂഡാലോചന ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ മൂവർക്കും പങ്കുണ്ടെന്നും അതിന് തെളിവുണ്ടെന്നുമാണ് എസ്.ഐ.ടി വാദം. നേരത്തെ വെവ്വേറെ ചോദ്യം ചെയ്തിരുന്നു. സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പാളികളിൽ നിന്ന് ഉരുക്കിയെടുത്ത സ്വർണത്തിൽ പണിക്കൂലിയിനത്തിൽ കൈവശം വച്ച 109.243 ഗ്രാം സ്വർണം കമ്പനി ഉടമ പങ്കജ് ഭണ്ഡാരി ഒക്ടോബർ 25ന് ഹാജരാക്കിയിരുന്നു.
അതുപോലെ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരുടെ സഹായത്തിൽ ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ വാങ്ങിയ 474.96 ഗ്രാം സ്വർണത്തിനു പകരമായി അതേ അളവിലുള്ള സ്വർണം ഗോവർധൻ തിരികെ ഒക്ടോബർ 24ന് ഹാജരാക്കിയിരുന്നു. മൂവരും ചേർന്നുള്ള ഗൂഡാലോചനയുടെ തെളിവാണിതെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
അതേസമയം, കേസിലെ പ്രതി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാര പാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിന് വിധി പറയും.
ഈ മാസം 18ന് പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. അറസ്റ്റ് നിയമാനുസൃതമല്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

