‘ചെറിയാൻ ഫിലിപ്പിനെ ക്രൂശിക്കരുത്; എന്തിനാ വേറെ അർഥം കൊടുക്കുന്നത്? എനിക്ക് ഭയങ്കര സങ്കടം വന്നു’ -ആലിംഗന വിവാദത്തിൽ പത്മജ വേണുഗോപാൽ
text_fieldsതൃശൂർ: കോൺഗ്രസ് നേതാവും എം.എൽ.എയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് വിവാദത്തിലായ ചെറിയാൻ ഫിലിപ്പിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. ചെറിയാൻ ഫിലിപ്പിനെ തനിക്ക് എത്രയോ കാലങ്ങളായിട്ട് അറിയാം. നിഷ്കളങ്ക മനസുള്ള ഒരാളാണ് അദ്ദേഹം. ആ മനുഷ്യനെ ഇങ്ങനെ ക്രൂശിക്കരുതെന്നും അദ്ദേഹത്തിന്റെ ഒരു സഹോദരി എന്നുള്ള നിലയിലാണ് ഇത് പറയുന്നതെന്നും പത്മജ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
‘ചെറിയാൻ ഫിലിപ്പിനെ എനിക്ക് എത്രയോ കാലങ്ങളായിട്ട് അറിയാം. ഇവിടത്തെ പ്രായമായവർക്കും എല്ലാ മതക്കാർക്കും എല്ലാവർക്കും അദ്ദേഹത്തെ അറിയാം. അദ്ദേഹം പെണ്ണുങ്ങളെ മാത്രമല്ലല്ലോ കെട്ടിപ്പിടിച്ചത്, ആണുങ്ങളെയും കെട്ടിപ്പിടിച്ചു. നിഷ്കളങ്ക മനസുള്ള ഒരാളാണ് അദ്ദേഹം. വേറെ ഒരു ഉദ്ദേശവും ഉണ്ടാവില്ല എന്ന് അടുത്തറിയുന്ന ആൾ എന്ന നിലക്ക് എനിക്ക് തോന്നി. ഞാൻ ഇത് പറയുമ്പോൾ ആൾക്കാർക്ക് ദേഷ്യം വരുന്നുണ്ടാകും. പക്ഷേ എനിക്ക് അറിയുന്ന കാര്യങ്ങൾ ഞാൻ പറയും. ഒരു പാവപ്പെട്ട മനുഷ്യനെ എല്ലാവരും കൂടി ഇങ്ങനെ പറയുന്നത് കാണുമ്പോൾ സത്യം പറയാതിരിക്കാൻ പറ്റില്ല.
അദ്ദേഹത്തിന് ആരുമില്ല, ഒരു ഒറ്റയാനാണ്. അനിയൻ ഉണ്ടായിരുന്നത് മരിച്ചു. അച്ഛനും അമ്മയും ഇല്ല. നമ്മളൊക്കെയാണ് അദ്ദേഹത്തിന്റെ സഹോദരന്മാരും സഹോദരിമാരും. എത്ര മാന്യമായിട്ട് അദ്ദേഹം എല്ലാവരോടും പെരുമാറുന്നത്. നമ്മുടെയൊക്കെ സഹോദരൻമാർ നമ്മളെ കെട്ടിപ്പിടിക്കില്ലേ? അതിനെന്തിനാ വേറെ അർത്ഥം കൊടുക്കുന്നത്? ആ മനുഷ്യനെ ഇങ്ങനെ ക്രൂശിക്കരുത് എന്ന് മാത്രം എനിക്കൊരു അപേക്ഷയുണ്ട്. ഞാൻ അദ്ദേഹത്തിന്റെ ഒരു സഹോദരി എന്നുള്ള നിലയിലാണ് പറയുന്നത്. എനിക്ക് അടുത്തറിയാവുന്ന വ്യക്തിയാണ്. ആരെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ ദൈവം എന്നോട് പൊറുക്കില്ല.
സത്യം പറഞ്ഞാൽ, എനിക്ക് ഭയങ്കര സങ്കടം വന്നു. ആരെങ്കിലും ഒരാൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ വരുമെന്ന് ഞാൻ വിചാരിച്ചു. ആരും വന്നില്ല. പാവം, എല്ലാവർക്കും വേണ്ടി ഓടി, ഓരോരുത്തരെ നേതാവാക്കാൻ വേണ്ടി അദ്ദേഹം ഓടി, ഒന്നും പ്രതീക്ഷിച്ചിട്ടല്ല അത്. ഒന്നും ആ മനുഷ്യൻ പ്രതീക്ഷിക്കില്ല. ഭക്ഷണം പോലും കുറച്ചേ വേണ്ടൂ. അതിനുപോലും ഒരു ചെലവില്ലാത്ത മനുഷ്യനാണ്. ആ മനുഷ്യനെ അങ്ങനെ മോശമായി ആരും പറയരുത്. ഇത് എന്റെ ഒരു അപേക്ഷയാണ്. അതിന് ആർക്ക് എന്ത് വിഷമം തോന്നിയാലും എനിക്കൊരു കുഴപ്പവുമില്ല. അതിനുവേണ്ടി എത്ര ചീത്ത കേട്ടാലും എനിക്കൊരു സങ്കടവും ഇല്ല. എന്തു വേണമെങ്കിലും നിങ്ങൾക്ക് പറയാം. പക്ഷേ, ഈ കാര്യത്തിൽ ഞാൻ പറയുന്ന വാക്കുകൾ നിങ്ങൾ കേൾക്കണം, അത് എന്റെ നിർബന്ധമാണ്’ -പത്മജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

