Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്മജ ബിജെപി വിടുന്നു? അനുയായികളും കോൺഗ്രസിലേക്ക് മടങ്ങിയേക്കും

text_fields
bookmark_border
Padmaja Venugopal
cancel
camera_alt

പത്മജ വേണുഗോപാൽ

തൃശൂർ: കോൺഗ്രസ് നേതൃത്വുമായി കലഹിച്ച് ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാൽ പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. ബിജെപിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്നാണ് ദേശീയ സമിതി അംഗമായ ഇവർ രാജിവെക്കുന്നതെന്നാണ് വിവരം. ബിജെപി ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായും നടത്തിയ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് റിപ്പോർട്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽനിന്ന് പത്മജ വിട്ടുനിൽക്കുകയായിരുന്നു. പാർട്ടിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിച്ചില്ലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ​സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ഇവർ ഏതാനും ആഴ്ചകളായി പാർട്ടിയുമായി ബന്ധപ്പെട്ട ​ഒന്നും തന്റെ പേജുകളിൽ പങ്കുവെച്ചിട്ടില്ല.

ഗവർണർ പദവിയോ ദേശീയ വനിതാ കമീഷനിൽ ഉന്നത സ്ഥാനമോ ലഭിക്കുമെന്ന പ്രതീക്ഷ പത്മജയ്ക്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ പദവികൾക്കായി പലതവണ ബിജെപി നേതൃത്വത്തെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നും പറയപ്പെടുന്നു. രാജീവ് ചന്ദ്രശേഖർ മുഖേന ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചകളും ഫലം കണ്ടില്ലെന്നാണ് വിവരം.

പാർട്ടിയിൽ അർഹമായ മറ്റേതെങ്കിലും ഉന്നത പദവിയെങ്കിലും നൽകാമായിരുന്നുവെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങളുടെ നിലപാട്. തുടർച്ചയായ അവഗണനയാണ് പാർട്ടി വിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ കാരണമെന്നാണ് ഇവർ പറയുന്നത്.

അതിനിടെ, പത്മജ കോൺഗ്രസിലേക്ക് മടങ്ങാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. പത്മജയ്ക്കൊപ്പം ബിജെപിയിലേക്ക് എത്തിയ ചില പ്രവർത്തകരും കോൺഗ്രസിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. പത്മജയ്ക്ക് പാർട്ടിയിൽ പരിഗണന ലഭിക്കാത്തത് അനുയായികളെയും ബാധിച്ചുവെന്ന പരാതിയുണ്ട്.

രാജിവെക്കാൻ തീരുമാനിച്ചാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് നേരിട്ട് കത്ത് കൈമാറിയേക്കും. എന്നാൽ, രാജി സംബന്ധിച്ച് പത്മജയുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

അതേസമയം, ഒക്ടോബർ 17ന് സമാനമായ വാർത്തകൾ പുറത്തുവന്നപ്പോൾ ബിജെപി വിടാൻ ആലോചിച്ചിട്ടില്ലെന്നും പാർട്ടിയുമായി പ്രശ്നങ്ങളില്ലെന്നും പത്മജ വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Padmaja Venugopal may quit BJP
Next Story