പത്മപുരസ്കാരം: സംസ്ഥാന സർക്കാറിന്റെ ശിപാർശയിൽ വി.എസും വെള്ളാപ്പള്ളിയുമില്ല
text_fieldsതിരുവനന്തപുരം: പത്മപുരസ്കാരത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച പേരുകളിൽ വി.എസ് അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനും ഇല്ലെന്ന് റിപ്പോർട്ട്. മമ്മുട്ടിയുടേയും കലാമണ്ഡലം വിമലാമേനോന്റെയും പേര് സംസ്ഥാനത്തിന്റെ ശിപാർശയിലുണ്ടായിരുന്നു. മമ്മുട്ടിയുടെ പേര് കഴിഞ്ഞ തവണയും പട്ടികയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന് കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ചിരുന്നില്ല.
കേരളത്തിൽ ജനപിന്തുണയുടെ കാര്യത്തിൽ സമാനതകളില്ലാത്ത നേതാവാണ് വി.എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി പലപ്പോഴും നേരിട്ട് ഏറ്റുമുട്ടിയ ചരിത്രവും വി.എസിനുണ്ട്. അത്തരത്തിലൊരാൾക്ക് പുരസ്കാരം നൽകുന്നതിന് രാഷ്ട്രീയപ്രാധാന്യമേറെയാണ്. നായർ-ഈഴവ ഐക്യത്തിന് വെള്ളാപ്പള്ളി മുൻകൈയെടുത്തതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയെ തേടി പുരസ്കാരമെത്തുന്നത്.
ബി.ജെ.പി നടത്തുന്ന വിദ്വേഷ പ്രചാരണം കൂടുതൽ ശക്തിയോടെ സമീപകാലത്ത് കേരളത്തിൽ നടത്തിയ സമുദായനേതാവാണ് വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ വിദ്വേഷ പരാമർശങ്ങൾ കേരളമാകെ തള്ളിയപ്പോഴും പ്രസ്താവനകളെ പിന്തുണക്കുന്ന സമീപനമാണ് ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്. ഇതിനൊപ്പം തന്നെ ചേർത്തുവായിക്കേണ്ടതാണ് ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മിലുള്ള ബന്ധം.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയുടെ ഒപ്പമാണെങ്കിലും ഇപ്പോൾ ബി.ഡി.ജെ.എസിന് അവിടെ തുടരുന്നതിനോട് അത്ര താൽപര്യമില്ല. ഇതിനിടയിലാണ് വെള്ളാപ്പള്ളി നടേശന് പുരസ്കാരം നൽകിയിരിക്കുന്നത്. ഇതിലൂടെ ബി.ഡി.ജെ.എസിനെ ഒപ്പംനിർത്താമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നുണ്ടാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

