പടിയൂരിൽ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാൾ ആദ്യഭാര്യയെ കൊന്ന് കാട്ടിൽ കുഴിച്ചിട്ട കേസിലെ പ്രതി; പൊലീസ് തെരച്ചിൽ ഊർജിതമാക്കി
text_fieldsകൊലക്കേസ് പ്രതി കോട്ടയം സ്വദേശി പ്രേംകുമാർ, കൊല്ലപ്പെട്ട ഭാര്യ രേഖ, മാതാവ് മണി
ഇരിങ്ങാലക്കുട: പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയയാൾ. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടിൽ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പിൽ വീട്ടിൽ മണി (74), മകൾ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രേഖയുടെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറാണ് ഇരുവരെയും കൊന്ന് ഒളിവിൽ പോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
ആദ്യഭാര്യ ഉദയംപേരൂരിലെ വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിൽ ജയിൽവാസം അനുഭവിച്ച പ്രേംകുമാർ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടത്തിയത്.
മണിയുടെ മൂത്ത മകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ട് ദിവസമായി അമ്മയെ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ഇന്നലെ ഇവർ താമസിച്ച വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി പരിസരവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്നും രണ്ട് മണിയോടെ മടങ്ങിയ സിന്ധു പടിയൂരിലെ വീട്ടിലെത്തി പിറകിൽനിന്നും വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. കിടപ്പുമുറിക്കും അടുക്കളക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ചുകിടന്നത്. കാട്ടൂർ സി.ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അഞ്ചു മാസമായി മണിയും മകളും ഇവിടെ വാടകക്ക് താമസിച്ചുവരുകയാണ്. മണി ഇരിങ്ങാലക്കുടയിൽ വീട്ടുജോലിക്ക് പോയിരുന്നു. സ്മിത എന്ന ഒരു മകൾ കൂടിയുണ്ട്. ശരീരങ്ങൾ അഴുകിയ നിലയിലാണ്. വീട്ടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിലായിരുന്നു.
രേഖയുടെ രണ്ടാമത്തെ ഭർത്താവാണ് പ്രേംകുമാർ. ഇയാൾക്കെതിരെ കുറച്ച് ദിവസം മുമ്പ് ഇരിങ്ങാലക്കുട വനിത സ്റ്റേഷനിൽ രേഖ പരാതി നൽകിയിരുന്നതായി സഹോദരി പറഞ്ഞു. ഏതാനും ദിവസം മുമ്പ് ഇയാളെ ഇവിടെ കണ്ടവരുണ്ട്. കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

