ചുരം ബദൽ പാത: പൂഴിത്തോട് - പടിഞ്ഞാറത്തറ പദ്ധതിക്കായി സർവേ നടപടികൾ പുനരാരംഭിക്കുന്നു
text_fieldsപൂഴിത്തോട് - പടിഞ്ഞാറത്തറ പദ്ധതി
കോഴിക്കോട്: പൂഴിത്തോട് - പടിഞ്ഞാറത്തറ ചുരം ബദൽപാതാ ചർച്ചകൾക്ക് വീണ്ടും ജീവൻ വെക്കുന്നു. വയനാടിന്റെ സ്വപ്ന പദ്ധതിക്കായുള്ള സർവേ നടപടികൾ വ്യാഴാഴ്ച പുനരാരംഭിക്കും. കോഴിക്കോട് ജില്ലയുടെ പരിധിയിൽ വരുന്ന പൂഴിത്തോട് ഭാഗത്തെ, അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് ഇന്ന് സർവേ നടക്കുക. വയനാട് ഭാഗത്തെ സർവേ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. മൂന്നു പതിറ്റാണ്ടു നീണ്ട അവഗണനക്കൊടുവിലാണ് പദ്ധതി വീണ്ടും സജീവമാകുന്നത്.
വനത്താലും മലകളാലും ചുറ്റപ്പെട്ട വയനാടിന്റെ സ്വപ്ന പദ്ധതിയാണ് പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ പാത. മല തുരക്കാതെയും ആയിരക്കണക്കിന് കോടികൾ പൊടിക്കാതെയും യാഥാർഥ്യമാക്കാവുന്ന ചുരമില്ലാ പാത, 70 ശതമാനം പൂർത്തീകരിച്ച ശേഷമാണ് ഉപേക്ഷിക്കപ്പെട്ടത്. സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം തന്നെയാണ് പ്രധാനമായും ആരോപണ പ്രത്യാരോപണങ്ങളിൽ നിറയുന്നത്.
മൂന്നു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും കേന്ദ്രത്തിൽ യു.പി.എയും എൻ.ഡി.എയും മാറിമാറി ഭരിച്ചെങ്കിലും ഒരു ജനതയുടെ ജീവൽ പ്രശ്‌നത്തിന് നീക്കുപോക്കുണ്ടായില്ല. അതുകൊണ്ടുതന്നെ പുതിയ സർവേ നടപടികൾ പ്രതീക്ഷ പകരുമ്പോഴും പദ്ധതി പൂർത്തീകരിക്കപ്പെടുമോ എന്ന കാര്യത്തിൽ ആളുകൾക്കിടയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് സർവേ നടത്തുന്നത്. അഞ്ചു കിലോമീറ്റർ വനത്തിനുള്ളിൽ ജി.പി.എസ് സർവേയും ഡ്രോൺ സർവേയുമാണ് നടത്തുന്നത്. പൊതുമരാമത്ത്, വനം വകുപ്പ് അധികൃതർക്കൊപ്പം യു.എൽ.സി.സി ടീമുമാണ് സർവേയിൽ പങ്കെടുക്കുക. സർവേ പൂർത്തിയായാൽ റോഡിന്റെ രൂപരേഖ തയാറാക്കും. വനംവകുപ്പ് അനുവദിച്ച സമയപരിധി 18ന് തീരും. അതിനു മുമ്പ് സർവേ പൂർത്തിയാക്കാനാണ് ശ്രമം. പൂഴിത്തോട് ഭാഗത്ത് വനത്തിന് പുറത്തെ സർവേ നടത്തിയിരുന്നു.
2024 മാർച്ചിലാണ് പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡിന്റെ സാദ്ധ്യതാ പഠനത്തിന് സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ചത്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഭാഗത്ത് വനത്തിനകത്തും പുറത്തുമായി സർവേ നടപടികൾ മാസങ്ങൾക്കു മുമ്പ് പൂർത്തിയായിരുന്നുവെന്നാണ് വിവരം. പൂഴിത്തോട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായതിനാൽ വനംവകുപ്പിന്റെ അനുമതി വേണമായിരുന്നു. ഇത് കിട്ടാൻ വൈകിയതിനെ തുടർന്നാണ് സർവേ വൈകിയത്. വയനാട് തുരങ്കപാതക്കൊപ്പം ബദൽറോഡിന്റെ സർവേ ജോലികളും തുടങ്ങുന്നത് പ്രതീക്ഷാജനകമാണ്. താമരശ്ശേരി ചുരം വഴിയുള്ള യാത്രാദുരിതത്തിന് വലിയൊരളവിൽ പരിഹാരമാകുന്നതാണ് പദ്ധതികൾ.
1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് മന്ത്രി പി.കെ.കെ.ബാവ പൂഴിത്തോടും തറക്കല്ലിട്ട പദ്ധതിയാണ്. കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് പദ്ധതിയ്ക്ക് തടസമായത്. സംസ്ഥാന സർക്കാർ വയനാട്ടിലേക്കുള്ള ബദൽ റോഡുകളുടെ വിശദമായ പദ്ധതി സമർപ്പിച്ചാൽ വനഭൂമി റോഡ് വികസനത്തിന് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

