നെല്ല് സംഭരണം: പ്രത്യേക മന്ത്രിതല യോഗം; മില്ലുടമകളുടേത് ഗൂഢ രാഷ്ട്രീയ ചിന്തയെന്ന് ഭക്ഷ്യമന്ത്രി
text_fieldsതിരുവനന്തപുരം: നെല്ല് സംഭരണത്തിൽനിന്ന് ഭൂരിഭാഗം മില്ലുടമകളും പിന്മാറിയ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തര നടപടികൾ ചർച്ചചെയ്യാൻ ബുധനാഴ്ച പ്രത്യേക മന്ത്രിതലയോഗം ചേരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ.
മന്ത്രിസഭ യോഗത്തിന് ശേഷമാകും ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യവസായ, കൃഷി, സഹകരണ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം. കർഷകരെ സർക്കാർ ചേർത്തുപിടിക്കുമ്പോൾ അത് പൊളിക്കാനുള്ള ഗൂഢ രാഷ്ട്രീയ ചിന്തയാണ് ഒരുവിഭാഗം മില്ലുടമകൾ വെച്ചുപുലർത്തുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ ആരോപിച്ചു.
കൊയ്ത നെല്ല് എത്രയും വേഗം സംഭരിക്കണമെന്നതായിരുന്നു സർക്കാർ നിലപാട്. അതുകൊണ്ടാണ് ഇത്രനാൾ മില്ലുടമകൾക്കെതിരെ പ്രകോപനപരമായ ഒരു വാക്കും പറയാതിരുന്നത്. ഔട്ട് ടേൺ റേഷ്യോ, മില്ലുടമകൾക്ക് നൽകുന്ന സഹായങ്ങൾ എന്നിവയിൽ നല്ല പരിഗണനയാണ് മില്ലുടമകളുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി നൽകിയത്. അവർ വഴങ്ങിയില്ല. മില്ലുടമകളുമായി ചർച്ചക്ക് വീണ്ടും സർക്കാർ തയാറാണെന്ന് താൻതന്നെ അവരെ അറിയിച്ചു. എന്നാൽ ഇതേ ആവശ്യത്തിൽ എന്നും രാവിലെയും ഉച്ചക്കും അവരെ വിളിക്കാൻ കഴിയില്ല. ചർച്ചകൾ ഒരുഭാഗത്ത് നടക്കുമ്പോഴും കർഷകരെ ശൂചണം ചെയ്യാനുള്ള ശ്രമമാണ് ചില മില്ലുടമകൾ നടത്തുന്നത്. 30 രൂപ നെല്ലിന് സർക്കാർ സംഭരണവില പ്രഖ്യാപിച്ചിരിക്കേ കർഷകരെ സമീപിച്ച് 21-22 രൂപക്ക് ചിലർ നെല്ല് ഏറ്റെടുക്കുന്നു. ഇത്തരം നടപടിയെ ശക്തമായി നേരിടും. പാലക്കാടും ആലപ്പുഴയിലും സപ്ലൈകോയുടെ നേതൃത്വത്തിൽ നെല്ല് സംഭരണം ആരംഭിച്ചു. ഇതോടെ കൂടുതൽ മില്ലുകൾ സർക്കാറുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.
ഇതിനോടകം സംഭരിച്ച നെല്ലിന്റെ കാശ് പി.ആർ.എസ് വായ്പയായി അടുത്ത തിങ്കളാഴ്ചക്കുള്ളിൽ കർഷകർക്ക് നൽകുമെന്നും ഇതുസംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

