നെല്ല് സംഭരണവില നവംബർ 13 മുതൽ
text_fieldsതിരുവനന്തപുരം: ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വില നവംബർ 13 മുതൽ കർഷകർക്ക് പി.ആർ.എസ് വായ്പയിലൂടെ എസ്.ബി.ഐ, കനറ, ഫെഡറൽ ബാങ്കുകൾ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. പി.ആർ.എസ് വായ്പ വഴിയല്ലാതെ തുക നൽകില്ല. ഒന്നാം വിളയായി ആലപ്പുഴയിൽ 8808.735 ടണ്ണും കോട്ടയത്ത് 1466.5 ടണ്ണും പാലക്കാട് 6539.4 ടണ്ണും നെല്ലാണ് സപ്ലൈകോ വഴി സംഭരിച്ചത്.
നെല്ല് സംഭരണ പ്രവർത്തനങ്ങളുമായി നിലവിൽ 11 മില്ലുകളാണ് സഹകരിക്കുന്നത്. മുൻ വർഷങ്ങളിൽ ഔട്ട് ടേൺ റേഷ്യോ 64.5 ശതമാനമായി മില്ലുടമകളുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും ഹൈകോടതി വിധിമൂലം കേന്ദ്രം നിശ്ചയിച്ച 68 ശതമാനത്തിൽനിന്ന് വ്യത്യസ്തമായ വിധത്തിൽ നിശ്ചയിക്കാൻ നിയമപരമായി സാധ്യമല്ലെന്നും അതിനാൽ ഈ റേഷ്യോ അംഗീകരിച്ച് കരാർ ഒപ്പിടാൻ മറ്റു മില്ലുകളും തയാറാകണമെന്നും മന്ത്രി അഭ്യർഥിച്ചു. കഴിഞ്ഞ സീസണിൽ (2022-23 വർഷത്തെ രണ്ടാം വിള) ആകെ 2,50,373 കർഷകരിൽനിന്ന് 7.31 ലക്ഷം ടൺ നെല്ല് സംഭരിച്ചവകയിൽ നൽകേണ്ട തുകയായ 2061.94 കോടിയിൽ 2031.41 കോടിയും നൽകി. ഇനി 5000ത്തോളം കർഷകർക്കായി 30 കോടിയോളം രൂപയാണ് നൽകാനുള്ളത്. പി.ആർ.എസ് വായ്പയെടുക്കാൻ തയാറല്ലാത്തവരും സപ്ലൈകോ നേരിട്ട് പണം നൽകണമെന്ന് നിർബന്ധമുള്ളവരുമാണ് ഇവരിൽ ഭൂരിപക്ഷവും. എൻ.ആർ.ഐ അക്കൗണ്ട്, മൈനർ അക്കൗണ്ട്, കർഷകൻ മരിച്ച കേസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
നവംബർ പത്തിനകം കുടിശ്ശിക ലഭിക്കാനുള്ള കർഷകർ അലോട്ട് ചെയ്ത ബാങ്കുകളിൽനിന്ന് പി.ആർ.എസ് വായ്പയായി തുക കൈപ്പറ്റേണ്ടതാണ്. അക്കൗണ്ടുമായി ബന്ധപ്പെട്ട് നിയമതടസ്സമുള്ള കേസുകളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സപ്ലൈകോക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

