നെൽവയൽ നികത്തൽ: 69 ഓഫിസുകളിൽ മിന്നൽ പരിശോധന
text_fieldsതിരുവനന്തപുരം: നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ചട്ടങ്ങളിലെയും വ്യവസ്ഥകളും കാറ്റിൽ പറത്തി വ്യാപകമായി നിലം നികത്തലിന് അനുമതി നൽകുന്നുവെന്ന പരാതിയെ തുടർന്ന് വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ 27 ആർ.ഡി.ഒ ഓഫിസുകളിലും തരംമാറ്റൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 32 ഡെപ്യൂട്ടി കലക്ടർമാരുടെ ഓഫിസുകളിലുമടക്കം ആകെ 69 ഓഫിസുകളിലാണ് ‘ഓപറേഷൻ ഹരിത കവചം’ എന്ന പേരിൽ പരിശോധന നടന്നത്. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.
നിയമ വിരുദ്ധമായി തണ്ണീർത്തടങ്ങളും നെൽവയലുകളും ഡേറ്റാബാങ്കിൽനിന്ന് വ്യാപകമായി ഒഴിവാക്കി നൽകുന്നതായും നേരിട്ടും ഏജന്റുമാർ മുഖേനയും കൈക്കൂലി വാങ്ങി ചില ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡേറ്റാബാങ്കിൽ നിന്നും ഒഴിവാക്കി വസ്തു തരം മാറ്റാനുള്ള ഉത്തരവ് നേടിയ ശേഷം നെൽവയലുകളും തണ്ണീർത്തടങ്ങളും മാറ്റം വരുത്തി കെട്ടിടങ്ങളും വീടുകളും നിർമിച്ച് വിൽക്കുകയാണ്. ഇതിനായി ആർ.ഡി.ഒ ഓഫിസുകൾ കേന്ദ്രീകരിച്ച് ഭൂമാഫിയയും റിയൽ എസ്റ്റേറ്റുകാരും ഉൾപ്പെടുന്ന സംഘങ്ങൾ സജീവമാണ്. പരിശോധനകൾ തുടരാനാണ് വിജിലൻസ് തീരുമാനം.
നെൽവയൽ തരംമാറ്റം: ഹൈകോടതി വിശദീകരണം തേടി
കൊച്ചി: 2008ലെ നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ നിയമം വരുംമുമ്പ് നികത്തിയ നെൽവയലുകൾ ക്രമപ്പെടുത്തി നൽകാൻ 2018ൽ കൊണ്ടുവന്ന ഭേദഗതികളുമായി ബന്ധപ്പെട്ട ഹരജികളിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണംതേടി.
നെൽവയലുകൾ വ്യാപകമായി തരംമാറ്റത്തിന് ഇടയാക്കുന്നതാണ് ഭേദഗതിയെന്ന് കാട്ടി തിരുവനന്തപുരം മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതിയടക്കം സമർപ്പിച്ച പൊതു താൽപര്യ ഹരജികളും നിയമം വരും മുമ്പ് നികത്തിയ ഭൂമിക്ക് ഫീസ് ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചില ഭൂവുടമകളും നൽകിയ ഹരജികളാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
2008ലെ നിയമം വരുംമുമ്പ് നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും നികത്തലും തരംമാറ്റവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞ കോടതി, തുടർന്നാണ് സർക്കാറിന്റെ വിശദീകരണം തേടിയത്. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

