‘കാരണഭൂതന്’ പിന്നാലെ പിണറായി സ്തുതിഗാനം ‘പടനായകൻ’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ആലപിക്കും
text_fieldsതിരുവനന്തപുരം: ഏറെ വിവാദമായ പിണറായി സ്തുതിഗാനമായ ‘കാരണഭൂതന്’ പിന്നാലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള അടുത്ത വ്യക്തിപൂജ ഗാനം അരങ്ങിലേക്ക്. മുഖ്യമന്ത്രിയെ 'ഫീനിക്‌സ് പക്ഷി'യായും 'പടയുടെ നടുവില്‍ പടനായകനാ'യും വിശേഷിപ്പിച്ചുള്ള വാഴ്ത്തുപാട്ട് അദ്ദേഹത്തെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് നാളെ ആലപിക്കുക. സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിലാണ് ഇതിന്റെ അരങ്ങേറ്റം.
'സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍' എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. 'ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാ'ണ് പിണറായിയെന്നും വരികളുണ്ട്.
'പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍
ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍' എന്നിങ്ങനെയാണ് ഇതിലെ വരികൾ.
മുഖ്യമന്ത്രിയെക്കുറിച്ചു സെക്രട്ടേറിയറ്റിലെ ജീവനക്കാരന്‍ എഴുതിയതാണ് ഈ കവിത. ഇതിന് സംഗീതം നല്‍കി അവതരിപ്പിക്കുക മാത്രമാണുദ്ദേശിക്കുന്നതെന്നും 100 ഗായകര്‍ ചേര്‍ന്ന് ആലപിക്കുമെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി.ഹണി പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിലായിരുന്നു ‘കാരണഭൂതൻ’ ഗാനവുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത്.
അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാതിരുവാതിരയില്‍ 'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്' എന്നിങ്ങനെയായിരുന്നു പാട്ട്.
‘‘പിണറായി ഭരണം കരുത്തുറ്റ ഭരണമായി
ഭൂലോകമെമ്പാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി.
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന
സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ.
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും
കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ
എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീര സഖാവാണ്’’ എന്നായിരുന്നു മെഗാതിരുവാതിരയിലെ വരികൾ.
നേരത്തെ സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജനെ പ്രകീർത്തിച്ച് എഴുതിയ ‘കണ്ണൂരിൻ ചെന്താരകമല്ലോ’ എന്ന ഗാനം ഏറെ വിവാദമായിരുന്നു. പാർട്ടിയിൽ വ്യക്തി പൂജ പാടില്ലെന്ന് പറഞ്ഞ് കടുത്ത വിമർശനമാണ് പാർട്ടിക്കുള്ളിൽ ഇതിന്റെ പേരിൽ ജയരാജൻ നേരിട്ടത്.
‘കണ്ണൂരിൻ ചെന്താരകമല്ലോ
ചെഞ്ചോരപ്പൊൻ കതിരല്ലോ
നാടിൻ നെടുകയനല്ലോ
പി ജയരാജൻ ധീരസഖാവ്’ എന്നു തുടങ്ങുന്നതായിരുന്നു 6.31 മിനുട്ട് ദൈർഘ്യമുള്ള പാട്ട്. ജയരാജന്റെ പ്രസംഗങ്ങളുടെയും സമരങ്ങളുടെയും മറ്റും ദൃശ്യങ്ങളാണ് പാട്ടിന്റെ വിഡിയോയിലുണ്ടായിരുന്നത്. പാർട്ടി എതിർത്തതോടെ ജയരാജൻ തന്നെ പാട്ടിനെ തള്ളിപ്പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

