ചാരവൃത്തിക്ക് വിളിച്ച് സൗകര്യം കൊടുക്കുന്ന സർക്കാറാണോ കേരളത്തിൽ എന്ന അഭിപ്രായമുണ്ടോ? -മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാറിന്‍റെ ക്ഷണപ്രകാരമെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചാരപ്രവൃത്തിക്ക് വിളിച്ച് സൗകര്യം കൊടുക്കുന്ന സർക്കാറാണോ കേരളത്തിൽ എന്നd അഭിപ്രായമുണ്ടോ എന്ന് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് റിയാസ് ചോദിച്ചു.
ചാരപ്രവൃത്തിക്ക് വേണ്ടി വിളിച്ച് സൗകര്യം കൊടുക്കുന്ന മന്ത്രിമാരോ സർക്കാറോ ആണോ കേരളത്തിൽ? ചാരപ്രവൃത്തി നടത്തുന്നവരുമായി ചേർന്നുകൊണ്ട് അവരെ ഇവിടേക്ക് കൊണ്ടുവന്ന് എല്ലാ സൗകര്യവും ചെയ്തുകൊടുത്ത് പോയി എന്ന അഭിപ്രായമാണോ? ബി.ജെ.പിയുടെ ഏതോ നേതാവ് ഈ അഭിപ്രായം പറഞ്ഞതായി കേട്ടു. നിങ്ങൾക്കും ആ അഭിപ്രായം ഉണ്ടോ? -മന്ത്രി മാധ്യമപ്രവർത്തകരോട് ചോദിച്ചു.
ബോധപൂർവം നമ്മൾ കൊണ്ടുവരുമോ? ഇത്തരം പ്രചരണങ്ങളിൽ ഭയമില്ല. നമ്മൾ നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്യുന്നത്. അതുപോലെയാണ് ടൂറിസം വകുപ്പും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് -മന്ത്രി വ്യക്തമാക്കി.
ടൂറിസം വകുപ്പിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ ലഭിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്‍റെ ചെലവില്‍ യാത്ര ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

