മലപ്പുറം ജില്ല പഞ്ചായത്ത് ഭാരവാഹികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്; പി.എ ജബ്ബാര്‍ ഹാജി പ്രസിഡന്റ്, സ്മിജി വൈസ് പ്രസിഡന്‍റ്
text_fieldsമലപ്പുറം: ജില്ല പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പി.എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ല പഞ്ചായത്ത് അധ്യക്ഷനാകും. അന്തരിച്ച ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷന്‍ എ.പി ഉണ്ണികൃഷ്ണന്റെ മകൾ അഡ്വ. എ.പി. സ്മിജി വൈസ് പ്രസിഡന്റാകും.
പി.കെ അസ്‌ലു ആണ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാൻ. ഷാഹിന നിയാസി വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സൺ. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി വെട്ടം ആലിക്കോയയെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി കെ.ടി. അഷ്‌റഫിനെയും തീരുമാനിച്ചു. യാസ്മിന്‍ അരിമ്പ്രയാണ് ഡെപ്യൂട്ടി ലീഡര്‍. ഷരീഫ് കൂറ്റൂരാണ് വിപ്പ്. ബഷീര്‍ രണ്ടത്താണി ട്രഷറര്‍.
യു.ഡി.എഫ് ഏകപക്ഷീയമായാണ് ജില്ല പഞ്ചായത്ത് പിടിച്ചത്. 33 ഡിവിഷനുകളിൽ ഒന്നുപോലും എൽ.ഡി.എഫിന് വിട്ടുനൽകാതെയാണ് യു.ഡി.എഫ് വമ്പൻ ജയം സ്വന്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾക്ക് അഞ്ച് സീറ്റുണ്ടായിരുന്നത് ഇത്തവണ പൂജ്യമായി. വഴിക്കടവ്, ആതവനാട്, എടപ്പാൾ, ചങ്ങരംകുളം, മാറഞ്ചേരി ഡിവിഷനുകളിൽനിന്നായിരുന്നു നേരത്തെ ജില്ല പഞ്ചായത്തിൽ ഇടത് പ്രതിനിധികളുണ്ടായിരുന്നത്. എന്നാൽ ഇത്തവണ, വലിയ ഭൂരിപക്ഷത്തിലാണ് ഇവിടങ്ങളിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

