സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന മൊഴി; എം.ആര്. അജിത്കുമാറിനെതിരേ പരാതിയുമായി പി. വിജയന്
text_fieldsഎം.ആർ. അജിത് കുമാർ, പി. വിജയൻ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്നാരോപിച്ച് എ.ഡി.ജി.പി എം.ആര്. അജിത്കുമാർ നൽകിയ മൊഴിയിൽ പരാതിയുമായി ഇന്റലിജന്റ്സ് വിഭാഗം മേധാവി പി. വിജയന്. സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ അജിത്കുമാര്‍ നല്കിയ മൊഴി പച്ചക്കള്ളമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പി. വിജയന് ഡി.ജി.പിക്ക് പരാതി നല്‍കിയത്. പരാതി തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിന് കൈമാറി.
കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി പി. വിജയന് ബന്ധമുണ്ടെന്ന് എസ്. സുജിത്ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് അജിത്കുമാർ ഡി.ജി.പി എസ്. ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, സുജിത്ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
അജിത്കുമാറിനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഡി.ജി.പി എസ്. ദര്‍വേഷ് സാഹിബ് നേതൃത്വം നല്കുന്ന അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു.
നേരത്തെ, എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ച് പി. വിജയനെ സസ്പെൻഡ് ചെയ്തിരുന്നു. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അഞ്ച് മാസത്തിന് ശേഷം സസ്പെൻഷൻ റദ്ദാക്കി ഇദ്ദേഹത്തെ തിരിച്ചെടുക്കുകയായിരുന്നു.

