പി. വത്സലയുടെ സംസ്കാരം നാളെ
text_fieldsകോഴിക്കോട്: ചൊവ്വാഴ്ച അന്തരിച്ച എഴുത്തുകാരി പി. വത്സലയുടെ സംസ്കാരം വെള്ളിയാഴ്ച. വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക. ന്യൂയോർക്കിലുള്ള മകൻ അരുണ്‍ മാറോളി എത്തുന്നതുവരെ മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിക്കും.
വെള്ളിയാഴ്ച രാവിലെ ആറോടെ അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷ. അന്ന് രാവിലെ മുതൽ 12വരെ വെള്ളിമാട്കുന്നിലെ ‘അരുൺ’ വീട്ടിലും 12 മുതൽ മൂന്നുവരെ കോഴിക്കോട് ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് ടൗൺഹാളിൽ അനുശോചന യോഗം ചേരും.
വയനാട്ടിലെ ആദിവാസികളടക്കം അറിയപ്പെടാത്തവരുടെ ജീവിതങ്ങൾ അക്ഷരങ്ങളിൽ പകർത്തിയ എഴുത്തുകാരിയുടെ വേർപാട് ചൊവ്വാഴ്ച രാത്രി 11 മണിയോടെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
വത്സലയുടെ നോവൽ ‘നെല്ല്’ ഏറെ ശ്രദ്ധനേടിയിരുന്നു.
എഴുത്തച്ഛൻ പുരസ്കാരം,കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയവ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.

