Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കുന്നംകുളത്തിന്‍റെ...

'കുന്നംകുളത്തിന്‍റെ മാപ്പുണ്ടോ' എന്ന് പരിഹസിച്ച് ശ്രീനിജൻ, തൃക്കാക്കരയുടെ മാപ്പുണ്ടെന്ന് സാബു ജേക്കബ്; അവസാനം പോസ്റ്റ്​ പിൻവലിപ്പിച്ച് എം.എൽ.എ

text_fields
bookmark_border
P V Sreenijin, Sabu Jacob
cancel
Listen to this Article

കൊച്ചി: തൃക്കാക്കരയിൽ പ്രചാരണം ചൂടുപിടിക്കവെ കൊമ്പുകോർത്ത് ട്വന്‍റി20 പാർട്ടി ചീഫ് കോർഡിനേറ്റർ​ സാബു എം. ജേക്കബും സി.പി.എം എം.എൽ.എ പി.വി. ശ്രീനിജിനും. ട്വന്‍റി ട്വന്‍റിയെ ദ്രോഹിച്ചതിന്​ പി.വി. ശ്രീനിജൻ മാപ്പുപറയണമെന്ന്​ സാബു ജേക്കബ്​ ആവശ്യപ്പെട്ടതിനു പിന്നാലെ ഫേസ്​ബുക്കിൽ 'കുന്നംകുളത്തിന്‍റെ മാപ്പുണ്ടോ, ഒരാൾക്ക്​ കൊടുക്കാനാണ്​' പരിഹാസവുമായി എം.എൽ.എ രംഗത്തെത്തി.

ഇതിന്​ 'കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പുണ്ടെന്നു'മായിരുന്നു സാബുവിന്‍റെ മറുപടി. മേയ് 31ന് ശേഷം ഇത്​ വേണമെങ്കിൽ തരാമെന്നും സാബു വ്യക്തമാക്കി. വാക്ക് പോര്​ മൂത്തതോടെ സി.പി.എം ഇടപെട്ട്​ ശ്രീനിജിന്‍റെ പോസ്റ്റ്​ പിൻവലിപ്പിച്ചു.

ആംആദ്​മി പാർട്ടി, ട്വന്‍റി20 എന്നിവ ചേർന്ന്​​ പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്‍റെ പിന്തുണതേടി യു.ഡി.എഫ്-എൽ.ഡി.എഫ്​ മുന്നണികൾ പരസ്യമായി രംഗത്തുണ്ട്​​. 2021ലെ തെരഞ്ഞെടുപ്പിൽ ട്വൻറി20 തൃക്കാക്കരയിൽ​ 13,897 വോട്ടുകൾ പിടിച്ചിരുന്നു. ഇക്കുറി സ്ഥാനാർഥിയെ നിർത്തിയിട്ടില്ലെങ്കിലും തൃക്കാക്കരയിൽ സംഘടനയുടെ നിലപാട്​ ഉടൻ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ്​ വ്യക്തമായിട്ടുണ്ട്​.

ഇന്നലെ കിഴക്കമ്പലത്ത് സംഘടിപ്പിച്ച ജനസംഗമം പരിപാടിയിൽ കേരളത്തിലും ഭരണം പിടിക്കുകയെന്ന ലക്ഷ്യം ഉയർത്തി ട്വന്‍റി20 -ആം ആദ്മി പാർട്ടി സഖ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ പ്രഖ്യാപിച്ചിരുന്നു. ആദ്യം ഡൽഹി, പിന്നെ പഞ്ചാബ്​, ഇനി കേരളമെന്നാണ് കെജ്​രിവാളിന്‍റെ വാക്കുകൾ. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി അറിയപ്പെടുകയെന്ന് പരിപാടിയിൽ അരവിന്ദ് കെജ്​രിവാളും ട്വന്‍റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബും ചേർന്ന് പ്രഖ്യാപിച്ചു.

കേരളത്തിലും സർക്കാറുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിയുമെന്ന് കെജ്​രിവാൾ പറഞ്ഞു. ഡൽഹിയിൽ തങ്ങൾ നടപ്പാക്കിയതുപോലുള്ള വികസനമുണ്ടാകണമെങ്കിൽ കേരളത്തിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ അധികാരത്തിലെത്തണം. എന്തിനും കൈക്കൂലി വേണമെന്ന അവസ്ഥയിൽനിന്നാണ് ഡൽഹിയെ അഴിമതിമുക്തമാക്കിയത്. ജനക്ഷേമവും രാജ്യവികസനവും ലക്ഷ്യമിടുന്നതാണ് തങ്ങളുടെ പ്രവർത്തനം. നല്ല മനുഷ്യരെയടക്കം കേരളത്തിന് ഒരുപാട് കാര്യങ്ങൾ ദൈവം നൽകിയിട്ടുണ്ട്. പത്ത് വർഷം മുമ്പ് ആം ആദ്മിയെയോ കെജ്​രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു.

ദിവസങ്ങളോളം നിരാഹാര സമരം നടത്തിയപ്പോൾ ജീവൻതന്നെ അപകടത്തിലാകുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അത് ദൈവത്തിന്‍റെ അനുഗ്രഹമാണ്. പത്ത് വർഷം മുമ്പ് ആർക്കും അറിയില്ലായിരുന്ന ഒരു പാർട്ടിയാണ് വളരെ വേഗത്തിൽ ഡൽഹിയിൽ അധികാരത്തിലെത്തിയത്. അതേ നിലയിൽ കേരളത്തിലും അധികാരത്തിലെത്താൻ കഴിയും. ഡൽഹിയിലും പഞ്ചാബിലും പ്രമുഖരായ നേതാക്കളെയാണ് സാധാരണക്കാരായ തങ്ങളുടെ സ്ഥാനാർഥികൾ പരാജയപ്പെടുത്തിയത്. നാലും അഞ്ചും തവണ എം.എൽ.എമാരായിരുന്നവരെ സാധാരണ വീട്ടമ്മമാരായ സ്ഥാനാർഥികൾ പരാജയപ്പെടുത്തി.

നമ്മൾ നമ്മുടെ ജോലി സത്യസന്ധവും കൃത്യവുമായി ചെയ്താൽ ദൈവത്തിന്‍റെ അനുഗ്രഹം ഒപ്പമുണ്ടാകുമെന്ന കാഴ്ചയാണ് കണ്ടത്. അഴിമതിയെ തുടച്ചുനീക്കുന്നതാണ് പ്രവർത്തനം. ടോൾഫ്രീ നമ്പർ ജനങ്ങൾക്ക് നൽകി സേവനങ്ങൾ വീട്ടുപടിക്കലേക്ക് എത്തിച്ചു. വലിയ അസുഖങ്ങൾ ബാധിച്ചവർക്കുൾപ്പെടെ എല്ലാവർക്കും ഡൽഹിയിൽ ചികിത്സ സൗജന്യമാണ്. വീടുകളിലേക്ക് ചികിത്സ സേവനങ്ങൾ എത്തിക്കുന്ന പദ്ധതിയും ആരംഭിച്ചു. വെള്ളവും വൈദ്യുതിയുമെല്ലാം സൗജന്യമാക്കി. വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന സാഹചര്യം ഡൽഹിയിൽ ഇല്ലാതായതോടെ ഇൻവെർട്ടർ കടകൾ പൂട്ടേണ്ട സ്ഥിതിയുണ്ടായി. ഇത്തരത്തിലുള്ള സൗജന്യ സേവനങ്ങൾ ലഭ്യമാക്കി അഴിമതിമുക്തമായ ഒരു ഭരണമുണ്ടാക്കാൻ കേരളത്തിലും അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ട്വന്‍റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബിന്‍റെ പ്രവർത്തനങ്ങൾ വലിയ മതിപ്പുണ്ടാക്കുന്നതാണ്. ഒരു ബിസിനസുകാരനായ അദ്ദേഹത്തിന് പൊതുപ്രവർത്തനത്തിന് ഇറങ്ങേണ്ട ഒരു ആവശ്യവുമുണ്ടായിരുന്നില്ല. എന്നാൽ, പൊതുജനക്ഷേമം ലക്ഷ്യമാക്കി അദ്ദേഹം രംഗത്തിറങ്ങിയപ്പോൾ വലിയ മാറ്റങ്ങൾ സാധ്യമായെന്നും കെജ്​രിവാൾ കൂട്ടിച്ചേർത്തു.

Show Full Article
TAGS:P V Sreenijin Sabu Jacob thrikkakara by election 
News Summary - P V Sreenijin mla attack to Sabu Jacob
Next Story