‘ഏതു അധികാരവും ഒരിക്കൽ തകർന്നടിയും, അസഹിഷ്ണുതയെ ജനങ്ങൾ പ്രഹരിച്ചത് കണ്ടില്ലേ’- പിണറായിയുടെ പ്രസ്താവനക്കെതിരെ പി. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ട്രോളുകളുടെ പേരിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നത് ക്രൂരതയും അസഹിഷ്ണുതയുമാണെന്ന പിണറായി വിജയന്റെ പ്രസ്താവനക്ക് പിന്നാലെ, സംസ്ഥാനത്തെ സാംസ്കാരിക മേഖലയിലെ അസഹിഷ്ണുതക്കും അവഗണനക്കുമെതിരെ തുറന്നടിച്ച് എഴുത്തുകാരൻ പി. സുരേന്ദ്രൻ. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച തന്നെപ്പോലൊരു എഴുത്തുകാരനെ കഴിഞ്ഞ പത്തു വർഷമായി അക്കാദമി പരിസരത്തേക്ക് അടുപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന സാംസ്കാരിക സ്ഥാപനങ്ങൾ സർക്കാരിന്റെയും നേതാക്കളുടെയും സ്തുതിവചനങ്ങൾ പാടി നടക്കുന്നവർക്ക് മാത്രമുള്ളതാകരുതെന്നും ഭരണകൂടങ്ങൾ എതിർശബ്ദങ്ങളും കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഖ്യാത കലാകാരൻ എ. രാമചന്ദ്രനുമായുള്ള ആത്മബന്ധവും അദ്ദേഹത്തെക്കുറിച്ചുള്ള ഏക പഠനഗ്രന്ഥമായ ‘രാമചന്ദ്രന്റെ കല’ (2002ലെ ലളിതകലാ അക്കാദമി അവാർഡ് ലഭിച്ച പുസ്തകം) എഴുതിയതും താനാണെന്ന് പി. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഈ പുസ്തകം പുറത്തിറക്കിയത് ലളിതകലാ അക്കാദമി തന്നെയാണെങ്കിലും, കൊല്ലത്ത് രാമചന്ദ്രൻ മ്യൂസിയം തുറന്നപ്പോൾ തന്നെ അങ്ങോട്ട് ക്ഷണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രകാരി ടി.കെ. പത്മിനിയെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുള്ള തനിക്ക്, അടുത്തിടെ കാടഞ്ചേരിയിൽ പത്മിനി സ്മൃതിമണ്ഡപം തുറന്നപ്പോഴും ക്ഷണം ലഭിച്ചില്ല. ഒ.വി. വിജയനുമായി ഏറെ ആത്മബന്ധമുണ്ടായിരുന്നിട്ടും തസ്രാക്കിലെ വിജയൻ സ്മാരകത്തിലേക്ക് ടി.ആർ. അജയനും സംഘവും തന്നെ അടുപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
തിരൂർ തുഞ്ചൻ സർവ്വകലാശാലയിൽ തന്റെ ‘ജൈവം’ എന്ന നോവൽ സിലബസിന്റെ ഭാഗമായിട്ടുപോലും വിദ്യാർത്ഥികളുമായി സംവദിക്കാൻ അധികൃതർ തന്നെ വിളിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതു അധികാരവും ഒരിക്കൽ തകർന്നടിയും. അസഹിഷ്ണുതയെ ജനങ്ങൾ പ്രഹരിച്ചത് കണ്ടില്ലേ... ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. സർക്കാരിന്റെയും നേതാക്കളുടെയും സ്തുതിവചനങ്ങൾ പാടി നടക്കുന്നവരെ മാത്രം ക്ഷണിച്ചാൽ പോര. എതിർ ശബ്ദങ്ങളും കേൾക്കണം. അതാവണം ജനാധിപത്യത്തിന്റെ മനോഹാരിത.
പതിനാറാം വയസ്സിൽ മൈസൂരിൽ ഹോട്ടൽ പണിക്കാരനായി ജീവിതം തുടങ്ങിയ തനിക്ക് കാലം തന്ന ഈ സ്ഥാനങ്ങളെല്ലാം വലിയ അനുഗ്രഹമാണെന്നും താനിത് പരാതിയായി പറയുന്നതല്ലെന്നും അദ്ദേഹം കുറിച്ചു.
ഇനി മോഹങ്ങൾ ഒന്നുമില്ലാതെ സന്തോഷത്തോടെ സായാഹ്നവെയിലിലേക്ക് നടക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്നെപ്പോലെ പല എഴുത്തുകാർക്കും ഇത്തരത്തിൽ ചിലത് പറയാനുണ്ടാകുമെന്നും ഓർമ്മിപ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം
അസഹിഷ്ണുതയെ കുറിച്ചാണെങ്കിൽ എനിക്കും ചിലതു പറയാനുണ്ട്. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ഒരു എഴുത്തുകാരനാണ് ഞാൻ. പക്ഷെ കഴിഞ്ഞ പത്തു വർഷം എന്നെ അവിടേക്കു അടുപ്പിച്ചിട്ടില്ല. രാമചന്ദ്രന്റെ കല എന്ന പുസ്തകത്തിന് 2002 ൽ ലിളിത കലാ അക്കാദമി അവാർഡ് കിട്ടി.ഒരു പക്ഷെ എ രാമചന്ദ്രനെ കുറിച്ചു മലയാളത്തിൽ ഉണ്ടായ ഏക പഠനഗ്രന്ഥവും ഇതായിരിക്കണം.ആ പുസ്തകം ഇപ്പോൾ ലളിത കലാ അക്കാദമി തന്നെ യാണ് പുറത്തിറക്കിയത്.
എ. രാമചന്ദ്രൻ എന്ന വിഖ്യാത കലാകാരനു മായി ഏറെ ആത്മ ബന്ധം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ കൊല്ലത്തു രാമചന്ദ്രൻ മ്യുസിയം തുറന്നപ്പോൾ അവിടേക്കും എന്നെ ക്ഷണിച്ചില്ല. വട്ടം കുളത്തിന് അടുത്താണ് കാടഞ്ചേരി. ടി. കെ. പത്മിനിയുടെ ജന്മ ദേശം. പത്മിനിയെ കുറിച്ചു ഒത്തിരി എഴുതിയിട്ടുണ്ട് ഞാനും. എന്നാൽ അടുത്തിയിടെ കാടഞ്ചേരിയിൽ പത്മിനി സ്മൃതി മണ്ഡപം തുറന്നപ്പോഴും ഞാൻ അവിടെ ക്ഷണിതാവായില്ല. ഒ. വി. വിജയനു മായി ഞാൻ ഏറെ ആത്മ ബന്ധം പുലർത്തി. അദ്ദേഹത്തെ കുറിച്ചു പല ലേഖനങ്ങൾ ഞാൻ എഴുതി. തസ്രാക്കിലെ ഒ. വി. വിജയൻ സ്മാരകത്തിലേക്ക് ടി ആർ. അജയനും സംഘവും എന്നെ അടുപ്പിച്ചിട്ടില്ല.
തിരൂർ തുഞ്ചൻ സർവ്വകലാശാലയിൽ എന്റെ ജൈവം എന്ന നോവൽ സിലബസിൽ ഉണ്ടായിട്ടു പോലും എന്നെ കുട്ടികളുമായി സംവദിക്കാൻ വിളിച്ചിട്ടില്ല. ജനങ്ങ ളുടെ നികുതി പ്പണം കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. സർക്കാരിന്റെയും നേതാക്കളുടെയും സ്തുതിവചനങ്ങൾ പാടി നടക്കുന്ന വരെ മാത്രം ക്ഷണിച്ചാൽ പോര.
എതിർ ശബ്ദങ്ങളും കേൾക്കണം. അതാവണം ജനാധിപത്യത്തിന്റെ മനോഹാരിത. ഒന്ന് എല്ലാവരും മനസ്സിലാക്കിയാൽ കൊള്ളാം . ഏതു അധികാരവും ഒരിക്കൽ തകർന്നടിയും. അസഹിഷ്ണുതയെ ജനങ്ങൾ പ്രഹരിച്ചത് കണ്ടില്ലേ... ഞാൻ പരാതി പറഞ്ഞതല്ല.പതിനാറാം വയസ്സിൽ മൈസൂരിൽ ഹോട്ടൽ പണിക്കാരനാണ് ഞാൻ. എന്നിട്ടും കാലം എന്നെ ഇവിടെ ഒക്കെ എത്തിച്ചില്ലേ. അതൊക്കെ അനുഗ്രഹമല്ലേ. എനിക്ക് ഇനി മോഹങ്ങൾ ഒന്നും ഇല്ല. സന്തോഷത്തോടെ സായാഹ്നവെയിലിലേക്ക് നടക്കുന്നു... എല്ലാറ്റിനും നന്ദി. എന്റെ അനുഭവം പറഞ്ഞു എന്ന് മാത്രം. പല എഴുത്തു കാർക്കും ഇങ്ങനെ ചിലതു പറയാനുണ്ടാവും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

