ഫലസ്തീനികളുടേത് സ്വാതന്ത്ര്യസമരം, അവർ മുട്ടുകുത്തി യാചിക്കുമെന്ന് പ്രതീക്ഷിക്കുന്നത് കടന്നകൈ -പി. ശ്രീരാമകൃഷ്ണൻ
text_fieldsമലപ്പുറം: കഴിഞ്ഞ 12 ദശാബ്ദങ്ങളായി സയണിസ്റ്റുകൾ നടത്തുന്ന നിരന്തര കടന്നാക്രമാണങ്ങളിൽ സ്വന്തം മണ്ണിൽ അഭയാർഥികളാക്കപ്പെട്ട ഫലസ്തീനികൾ തങ്ങളുടെ മാതൃഭൂമിക്കായി മുട്ടുകുത്തി നിന്ന് യാചിക്കുമെന്നും അഹിംസാ മാർഗത്തിൽ സമരം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത് കടന്ന കൈയായിരിക്കുമെന്ന് മുൻ നിയമസഭ സ്പീക്കറും സി.പി.എം നേതാവുമായ പി. ശ്രീരാമകൃഷ്ണൻ. ഫലസ്തീന്റെ മണ്ണിൽ യാങ്കി-സയണിസ്റ്റ് അച്ചുതണ്ട് അഴിച്ചുവിട്ട 'സ്റ്റേറ്റ് ഭീകരത'യെ സർവ്വാത്മനാ പിന്തുണച്ചവരാണ് ഇപ്പോൾ ഹമാസിനെ പഴിക്കുന്നതെന്നും ഇത് ന്യായമല്ലെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അത്യുഗ്രസ്ഫോടനങ്ങളും നിരാലംബരായ ലക്ഷക്കണക്കിന് കുട്ടികളുടെ, സ്ത്രീകളുടെ, പ്രായമായവരുടെ, ആലംബഹീനരുടെ നിർത്താത്ത വിലാപങ്ങളും മാത്രമാണ് ഗസ്സസയിൽ നിന്ന് കേൾക്കുന്നത്. വ്യോമാക്രമണത്തോടൊപ്പം ഇസ്രായേൽ പ്രഖ്യാപിച്ച വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം എന്നിവയടക്കം നിരോധിച്ചുകൊണ്ടുള്ള സമഗ്ര ഉപരോധം കൂടിയായപ്പോൾ 20 ലക്ഷത്തിലധികം വരുന്ന ഗാസയിലെ സാധാരണ മനുഷ്യർ മരണ വക്ത്രത്തിലാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ ഫലസ്തീനെ അനുകൂലിച്ചുള്ള ഈ കുറിപ്പിൽ ഇസ്രായേലിന്റെ വ്യാജപ്രചാരണത്തിനും ഇടംകൊടുത്തത് വിമർശനത്തിന് വഴിയൊരുക്കി. ഹമാസ് 40 കുട്ടികളുടെ തലയറുത്തു എന്ന കിംവദന്തിയാണ് കുറിപ്പിൽ ആവർത്തിക്കുന്നത്. ‘‘ഓരോ ശിശുരോദനത്തിലും കേൾപ്പൂ ഞാൻ ഒരു കോടിയീശ്വരവിലാപം -എന്ന് കവി പാടിയത് 'വിശുദ്ധ ഭൂമി'യിൽ അന്വർത്ഥമാവുകയാണ്. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ തലയറുക്കപ്പെട്ട പിഞ്ചുകുട്ടികൾ’’ -എന്നാണ് കുറിപ്പിൽ പറയുന്നത്. ഇതിനെതിരെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ‘‘ഫലസ്തീനികൾ നാല്പത് ഇസ്രയേലി കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നുവെന്ന വ്യാജം പറഞ്ഞവരെല്ലാം അത് വിഴുങ്ങി. പക്ഷെ ആ നുണയുടെ ബലത്തിൽ ഇതിനകം 447 ഫലസ്തീൻ കുഞ്ഞുങ്ങളെ കൊന്നുതള്ളി ഇസ്രയേൽ. ഇനിയുമത് തുടരും.. നുണകൾക്ക് ജീവൻ കൊടുക്കേണ്ടിവരുന്ന കുഞ്ഞുമക്കൾ’ എന്നാണ് ഒരു കമന്റ്.
പി. ശ്രീരാമകൃഷ്ണന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
കൂട്ടക്കുരുതിയുടെ പിന്നാമ്പുറങ്ങൾ
ഇസ്രായേൽ-ഹമാസ് സംഘർഷം കൂട്ടക്കുരുതിയുടെ അഗ്നി മുഖം തുറന്നു കഴിഞ്ഞു. ഒക്ടോബർ 7 ശനിയാഴ്ച, ജൂതരുടെ പ്രാർത്ഥനാ ദിനത്തിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണവും ഇസ്രായേലിന്റെ തിരിച്ചടിയും ഇതിനകം 3000 ത്തോളം ജീവനെടുത്തു കഴിഞ്ഞു. സമസ്ത നിർമ്മിതികളും പൊടിയാക്കി മാറ്റുന്ന അത്യുഗ്രസ്ഫോടനങ്ങൾ മാത്രമാണ് ഗാസയിൽ നിന്ന് കേൾക്കുന്നത്. കൂടെ നിരാലംബരായ ലക്ഷക്കണക്കിന് കുട്ടികളുടെ, സ്ത്രീകളുടെ, പ്രായമായവരുടെ, ആലംബഹീനരുടെ നിർത്താത്ത വിലാപങ്ങളും. വ്യോമാക്രമണത്തോടൊപ്പം ഇസ്രായേൽ പ്രഖ്യാപിച്ച വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം എന്നിവയടക്കം നിരോധിച്ചുകൊണ്ടുള്ള സമഗ്ര ഉപരോധം കൂടിയായപ്പോൾ 20 ലക്ഷത്തിലധികം വരുന്ന ഗാസയിലെ സാധാരണ മനുഷ്യർ മരണ വക്ത്രത്തിലാണ്.
'ഓരോ ശിശുരോദനത്തിലും
കേൾപ്പൂ ഞാൻ
ഒരു കോടിയീശ്വരവിലാപം'
എന്ന് കവി പാടിയത് 'വിശുദ്ധ ഭൂമി'യിൽ അന്വർത്ഥമാവുകയാണ്. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ തലയറുക്കപ്പെട്ട പിഞ്ചുകുട്ടികൾ, ഗാസയിലെ ഇസ്രായേൽ ബോംബിങ്ങിൽ കൈകാലുകൾ ചിതറപ്പെട്ട കുഞ്ഞുങ്ങൾ... 'കണ്ണേ മടങ്ങുക' എന്നല്ലാതെ ഹൃദയമുള്ള മനുഷ്യർക്ക് ഒന്നും പറയാനില്ലാത്ത നിസ്സഹായത. ചോരപ്പുഴ ഒഴുകുകയാണ്... ആകാശവും ഭൂമിയും മനുഷ്യരുടെ ദീനരോദനങ്ങളാൽ മുഖരിതമാണ്. അവസാനിപ്പിക്കണം ഈ ചോരക്കളി...
ഹമാസിന്റെ ആക്രമണം അത്യന്തം ഹീനമാണ്. എന്നാൽ അതിൻറെ പേരിൽ വംശഹത്യ നടത്താൻ ഇസ്രായേലിന് എന്ത് അവകാശം? കഴിഞ്ഞ 12 ദശാബ്ദങ്ങളായി സയണിസ്റ്റുകൾ നടത്തുന്ന നിരന്തര കടന്നാക്രമാണങ്ങളിൽ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കപ്പെട്ട പാലസ്തീനികൾ തങ്ങളുടെ മാതൃഭൂമിക്കായി മുട്ടുകുത്തി നിന്ന് യാചിക്കുമെന്നും അഹിംസാ മാർഗത്തിൽ സമരം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത് കടന്ന കൈയായിരിക്കും. പാലസ്തീന്റെ മണ്ണിൽ യാങ്കി-സയണിസ്റ്റ് അച്ചുതണ്ട് അഴിച്ചുവിട്ട 'സ്റ്റേറ്റ് ഭീകരത'യെ സർവ്വാത്മനാ പിന്തുണച്ചവരാണ് ഇപ്പോൾ ഹമാസിനെ പഴിക്കുന്നത്. ഇത് ന്യായമല്ല.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ദീർഘമായ, ഇപ്പോഴും തുടരുന്ന ദേശീയ സ്വാതന്ത്ര്യസമരമാണ് പാലസ്തീനികളുടേത്. സയണിസ്റ്റ് അധിനിവേശത്തിൽ സർവ്വവും നഷ്ടപ്പെട്ടിട്ടും അവശേഷിച്ച ഭൂപ്രദേശത്തെങ്കിലും (ഗാസ, വെസ്റ്റ് ബാങ്ക്) ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച് അതിജീവിക്കണമെന്ന് ആഗ്രഹിക്കുന്ന പാലസ്തീനികളുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ നിരന്തരം ചവിട്ടി തേയ്ക്കുന്ന ഇസ്രായേലാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ മൂല കാരണം.
സാധാരണ മനുഷ്യർക്ക് നേരെയുള്ള യുദ്ധം ഇസ്രായേൽ ഉടനടി അവസാനിപ്പിക്കണം. പാലസ്തീന്റെ ദേശീയ കവി ദർവീഷ് പാടിയത് പോലെ "അവസാനത്തെ അതിർത്തിയും കടന്ന്
ഞങ്ങളെങ്ങോട്ട് പോകാനാണ്
അവസാനത്തെ ആകാശവും കടന്ന്
പറവകൾ എങ്ങോട്ട് പറക്കാനാണ്"
പാലസ്തീനികൾക്ക് പാർക്കാൻ ഈ മണ്ണല്ലാതെ എന്താണ് ബാക്കിയുള്ളത്. പാലസ്തീൻ സ്വതന്ത്രമാകുന്ന നിമിഷങ്ങളാണ് ലോക ജനത സ്വപ്നം കാണുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

