'വടകരയില്‍ രാഹുലിന് ഫ്ലാറ്റുള്ളതായി അറിവുണ്ടോ?, എം.പിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി'; ഷാഫിയെ ലക്ഷ്യമിട്ട് സരിനും
text_fieldsപാലക്കാട്: ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാഫി പറമ്പില്‍ എം.പിയെ ഉന്നംവെച്ച് ഡോ. പി. സരിന്‍. രാഹുലിനെതിരായ പരാതിയില്‍ യുവതി വടകരയിലെ ഒരു ഫ്ലാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില്‍ ഫ്ലാറ്റുണ്ടെന്നും അവിടേക്ക് ചെല്ലാനും രാഹുല്‍ ആവശ്യപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്.
എന്നാല്‍, രാഹുലിന് വടകരയില്‍ ഫ്ലാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോയെന്ന് സരിന്‍ ചോദിച്ചു. സ്ഥലം എം.പിയായ ഷാഫി പറമ്പിലിനോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാല്‍ മതി. കൃത്യമായ മറുപടിയില്ലെങ്കില്‍ പിന്നെ ചോദിക്കാന്‍ വരുന്നത് കേരള പൊലീസായിരിക്കുമെന്നും സരിന്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ രാഹുലിനെയും ഷാഫി പറമ്പിൽ എം.പിയേയും രൂക്ഷമായി വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും രംഗത്തെത്തിയിരുന്നു.
കോൺഗ്രസിനുള്ളിലെ ക്രൈം സിന്‍ഡിക്കേറ്റിലെ രണ്ടാമനാണ് ഇപ്പോള്‍ ജയിലില്‍ പോയിരിക്കുന്നത്. സിന്‍ഡിക്കേറ്റിലെ ഒന്നാമനും ഇതേ വഴിയില്‍ തന്നെ തുറന്നുകാട്ടപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് വി. കെ.സനോജ് പറഞ്ഞു.
അതിജീവിതയെ വടകരയിലെ ഫ്ലാറ്റിൽ ക്ഷണിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വടകരയിൽ ആർക്കാണ് ഫ്ലാറ്റുള്ളത്..? രാഹുലിന്റെ ഫ്ലാറ്റ് പാലക്കാടല്ലേ..? ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും സനോജ് പറഞ്ഞു.
വയനാട്ടിലെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ എന്ന പേരിലും ഈ ഇരപിടിയന്‍ പെണ്‍കുട്ടികളെ സമീപിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വയനാടിന്റെ ദുരന്ത ഭൂമിയിലെത്തിയത് അവിടെ ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാല്‍ അല്ല. തന്റെ ഇത്തരം ചെയ്തികള്‍ക്കുള്ള പണം സമാഹരിക്കാനുള്ള അവസരമായി രാഹുല്‍ ദുരന്തത്തെ കണ്ടുവെന്നും വി.കെ.സനോജ് പറഞ്ഞു.
പെണ്‍കുട്ടികളെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോവുക. അവിടെ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുക, ഗര്‍ഭഛിദ്രം നടത്തുക. എന്നിട്ട് ഇതിന്റെയൊക്കെ പണം പല ദുരന്ത നിവാരണ ഫണ്ടുകളില്‍ നിന്ന് എടുക്കുക. എന്ത് നെറികേടാണ് ഇവര്‍ കാണിക്കുന്നതെന്നും സനോജ് ചോദിച്ചു.
ഇവര്‍ ചെയ്യുന്ന നെറികേടിനെല്ലാം കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കുകയാണ്. തനിക്കും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നും മോശം പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നതായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക ഷാഫിയോട് പറഞ്ഞിരുന്നു. പക്ഷെ എല്ലാ അര്‍ത്ഥത്തിലും ഷാഫി രാഹുലിനെ പിന്തുണച്ചു. മുപ്പത് സെക്കന്റ് കൊണ്ട് മുന്നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കിയ പ്രതിപക്ഷ നേതാവിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ അതില്‍ നിന്ന് ഒരു പത്ത് സെക്കന്റ് മാറ്റിവെച്ച് രാഹുലിന്റെയും മറ്റും ഇത്തരം ചെയ്തികള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കണം. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുന്ന കോണ്‍ഗ്രസിനെ, ക്രൈം സിന്‍ഡിക്കേറ്റിനെ തിരിച്ചറിയേണ്ടതുണ്ട്. മഹാരഥന്മാരായ ആളുകള്‍ നയിച്ചിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, ആ പാര്‍ട്ടിയെ ഇന്ന് ഭരിക്കുന്നത് ബലാത്സംഗ വീരന്മാരാണെന്നും വി.കെ സനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

