പ്രതിഫലം കണ്ടല്ല വിജ്ഞാന കേരളം ഉപദേശകനായതെന്ന് പി. സരിൻ; ‘തന്‍റെ രാഷ്ട്രീയവുമായി മുന്നോട്ടു പോകും’
text_fieldsതിരുവനന്തപുരം: പ്രതിഫലം കണ്ടല്ല വിജ്ഞാന കേരളം ഉപദേശകനായതെന്ന് തന്റെ പഴയ കാലം പരിശോധിച്ചാൽ മനസിലാകുമെന്ന് ഡോ. പി. സരിൻ. അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചതെന്നും സരിൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്തെങ്കിലും കാരണം കൊണ്ടാകാം സർക്കാർ തന്നെ ഉപദേശകനായി നിയമിച്ചത്. ഉത്തരാവാദിത്വം നിർവേറ്റുന്നതിന് സർക്കാർ നിശ്ചയിച്ച പ്രതിഫലമാണത്. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല.
ജീവിക്കാനുള്ള ഒരു ശമ്പളം കൈപ്പറ്റുന്നു എന്നതിനപ്പുറം 80,000 രൂപയെ പർവതീകരിച്ച് കാണിക്കുന്നതിന് പിന്നിലുള്ള അജണ്ട, സർക്കാറിന്‍റെ ഉദ്യമത്തെ വിലകുറച്ച് കാണിക്കുക എന്നുള്ളതാണ്. തന്‍റെ രാഷ്ട്രീയം ഏൽപിച്ച ദൗത്യത്തിലൂടെയും സംഘടനയിലൂടെയും മുന്നോട്ടു പോകുമെന്നും പി. സരിൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ ഡിസ്‌ക്കിന് കീഴിലെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസറായി 80,000 രൂപ മാസശമ്പളത്തിലാണ് ഡോ. പി സരിനെ സംസ്ഥാന സർക്കാർ നിയമിച്ചത്. എം.ബി.ബി.എസ് ബിരുദം നേടിയതിന് ശേഷമാണ് സരിൻ സിവിൽ സർവീസ് യോഗ്യത കരസ്ഥമാക്കിയത്. ജോലിയിൽ അധികകാലം തുടരുന്നതിന് മുമ്പ് രാജിവച്ച് രാഷ്ടീയത്തിൽ സജീവമായി. കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ മേധാവിയായിരുന്നു സരിൻ.
പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിൽ വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചു. സരിന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍, സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് യൂത്ത് കോൺഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ്. തൊട്ടുപിന്നാലെ സരിന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നു. ഇടത് സ്ഥാനാർഥിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും രാഹുലിനോട് പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

