പി. സരിന്‍ ഒറ്റപ്പാലത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കും
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പി. സരിൻ ഒറ്റപ്പാലത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കുമെന്ന് സൂചന. സരിനെ മത്സിപ്പിക്കണമെന്നും വിജയസാധ്യതയുള്ള സീറ്റ് തന്നെ നിൽകണമെന്നുമാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിൽ നടക്കുന്ന ചർച്ച. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം നൽകിയതായാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.
കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനറായിരുന്ന സരിൻ 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നെങ്കിലും തോറ്റു. പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലക്ഷ്യമിട്ട് പി. സരിൻ പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നെങ്കിലും സരിനെ തഴഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കി. ഇതോടെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി. സരിൻ സി.പി.എമ്മുമായി സഹകരിക്കുകയായിരുന്നു. തുടർന്ന് പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു. 18,724 വോട്ടിന്‍റെ ലീഡിൽ രാഹുൽ മാങ്കൂട്ടത്തിലാണ് വിജയിച്ചത്. സരിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
നേമത്ത് ത്സരിക്കാനില്ലെന്ന് വി. ശിവൻകുട്ടി
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വി. ശിവൻകുട്ടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നേമത്ത് മത്സരിക്കാനില്ല. നേമത്ത് രണ്ടു തവണ ഞാൻ ജയിച്ചു. ഒരു തവണ തോറ്റു. ഒ. രാജഗോപാലിനോടാണ് തോറ്റത്. കുമ്മനം രാജശേഖരനേയും കെ. മുരളീധരനേയും പരാജയപ്പെടുത്തി.' വി. ശിവൻകുട്ടി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സി.പി.എമ്മും തീരുമനിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ ഒന്നും സ്വന്തമായി പ്രഖ്യാപിക്കുന്നവരല്ലല്ലോ. പത്തു നാൽപ്പത് വർഷങ്ങളായി പാർട്ടി എടുക്കുന്ന തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുന്ന വ്യക്തിയാണ്. ഏതു കാര്യത്തിലായാലും പാർട്ടി എടുക്കുന്ന തീരുമാനം തന്നെയായിരിക്കും എന്‍റെ അവസാന വാക്ക്.' അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

