പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; മുദ്ര ഫൗണ്ടേഷന് കള്ളപ്പണം വെളുപ്പിക്കാനുള്ള വഴി മാത്രമല്ല ഇത് -നജീബ് കാന്തപുരത്തിനെതിരെ പി. സരിൻ
text_fieldsസി.എസ്.ആർ തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എം.എൽ.എക്കെതിരെ സി.പി.എം നേതാവ് പി. സരിൻ. സംസ്ഥാനം മുഴുവൻ ചർച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്നത് ബി.ജെ.പി - കോൺഗ്രസ് ബന്ധമുള്ളവർ ആണെങ്കിൽ, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ആണ് എന്നതിന് തെളിവുകൾ പുറത്തു വരികയാണെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു.
നജീബ് കാന്തപുരം നടത്തുന്ന തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നത്. നജീബിന്റെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ കള്ളപ്പണം വെളുപ്പിച്ച് എടുത്ത വഴിയാണിതെന്നും സരിൻ ആരോപിച്ചു.
എ.എൻ രാധാകൃഷ്ണൻ തന്റെ ഫൗണ്ടേഷൻ വഴി നടത്തിയ അതേ തട്ടിപ്പ് തന്നെയാണ് നജീബ് കാന്തപുരം എം.എൽ.എയും നടത്തിയിരിക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ പദവി ദുരുപയോഗം ചെയ്തടക്കം അന്വേഷണത്തിന് വിധേയമാക്കണമെന്നും മുദ്ര ഫൗണ്ടഷന്റെ പേരിൽ മറ്റ് തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗർ’
അഥവാ പെരിന്തൽമണ്ണക്കാരെ മറിച്ച് വിൽക്കുന്ന എംഎൽഎ
നജീബ് കാന്തപുരം നടത്തുന്ന തട്ടിപ്പ് മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്തു വരുന്നത്!
സംസ്ഥാനത്തൊട്ടാകെ ചർച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്നത് ബിജെപി - കോൺഗ്രസ് ബന്ധമുള്ളവർ ആണെങ്കിൽ, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എംഎൽഎ മുസ്ലിം ലീഗിന്റെ ശ്രീ നജീബ് കാന്തപുരം ആണ് എന്നതിന് തെളിവുകൾ പുറത്തു വരികയാണ്.
നജീബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ കള്ളപ്പണം വെളുപ്പിച്ച് എടുക്കാൻ ഉള്ള ഒരു വഴി മാത്രമല്ല എന്നുവേണം മനസ്സിലാക്കാൻ.
പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകുന്നതിനായി നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎൽഎ തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നൽകിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി എം.എൽ.എ, ഒരേ സമയം ആളുകളിൽ നിന്ന് പണം തട്ടിക്കാനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരിൽ കോർപ്പറേറ്റുകളിൽ നിന്ന് ഭീമമായ ഫണ്ടുകൾ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ട്.
എംഎൽഎ ക്ക് ഈ തട്ടിപ്പിൽ നിന്ന് കൈകഴുകാൻ പറ്റാത്തവിധം വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും. പറഞ്ഞു പറ്റിച്ച ആളുകൾക്ക് MLA തൻ്റെ സ്വന്തം പോക്കറ്റിൽ നിന്നോ, ഫൗണ്ടേഷന്റെ പേരിൽ നടക്കുന്ന വെട്ടിപ്പ് പണത്തിൽ നിന്നോ, ഇനി മുസ്ലിം ലീഗിന്റെ പാർട്ടി ഫണ്ടിൽ നിന്ന് തന്നെയോ തുക മടക്കി നൽകും എന്ന അവകാശവാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതണ്ട.
തട്ടിപ്പ് പരിപാടിക്ക് പോയി ഉദ്ഘാടകൻ ആയതോ, പോസ്റ്ററിൽ ഫോട്ടോ വന്നതോ അല്ല എംഎൽഎ ചെയ്ത ഗുരുതരമായ കുറ്റം. താൻ നേരിട്ട് നടത്തുന്ന ചാരിറ്റബിൾ ഫൗണ്ടേഷൻ ഈ തട്ടിപ്പിന് ആളെ ചേർക്കുന്ന വിധം ഗുണഭോക്താക്കളെ നേരിട്ട് തെരഞ്ഞെടുത്ത്, അവരിൽ നിന്ന് പണം കൈപ്പറ്റിയതിൻ്റെ തെളിവുകൾ പുറത്ത് വരും. കോടികൾ വരും ഈ പിരിച്ചെടുത്തത്.
എ. എൻ രാധാകൃഷ്ണൻ തന്റെ ഫൗണ്ടേഷൻ വഴി നടത്തിയ അതേ തട്ടിപ്പ് തന്നെയാണ് നജീബ് കാന്തപുരം എം.എൽ.എ യും നടത്തിയിരിക്കുന്നത്.
എംഎൽഎ പദവി ദുരുപയോഗം ചെയ്തതിന്റെ അടക്കം നിയമപരമായ എല്ലാ വശങ്ങളും അന്വേഷണത്തിന് വിധേയമാക്കണം. മുദ്ര ഫൗണ്ടേഷന്റെ പേരിൽ മറ്റു തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം.
ലീഗിൻറെ അഭിവന്ദ്യനായ ഹൈദരാലി ശിഹാബ് തങ്ങളുടെ അടക്കം പേര് ദുരുപയോഗം ചെയ്തു തന്നെ ഈ തട്ടിപ്പിന് ആളെ കൂട്ടണമായിരുന്നോ?
മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കണ്ട തൻ്റെ നാട്ടുകാരെ ഇങ്ങനെ പറഞ്ഞു പറ്റിക്കണമായിരുന്നോ ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

