പി.എം ശ്രീ: ഗോളി തന്നെ സെൽഫ് ഗോൾ അടിക്കാൻ തീരുമാനിച്ചാൽ എന്ത് ചെയ്യാൻ -സന്തോഷ് കുമാർ എം.പി; ‘തലയിൽ മുണ്ടിട്ട് ആരെങ്കിലും ഒപ്പിട്ടിട്ടുണ്ടെങ്കിൽ അവർ പറയട്ടെ’
text_fieldsന്യൂഡൽഹി: തങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് സംസ്ഥാന സർക്കാർ ഏകപക്ഷീയമായി പി.എം. ശ്രീയിൽ ഒപ്പിട്ടതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എം.പിയുമായ പി. സന്തോഷ് കുമാർ. ഗോളി തന്നെ സെൽഫ് ഗോൾ അടിക്കാൻ തീരുമാനിച്ചാൽ എന്ത് ചെയ്യാൻ പറ്റുമെന്ന് അദ്ദേഹം ചോദിച്ചു.
‘ഗോളി തന്നെ സെൽഫ് ഗോൾ അടിക്കുന്ന ഒരു സാഹചര്യം എന്ന് പറയുന്നത് അപ്രതീക്ഷിതമാണ്. ആ സാഹചര്യത്തെക്കുറിച്ച് നിങ്ങൾ ബന്ധപ്പെട്ടവരാണ് ചോദിക്കേണ്ടത്. ഞങ്ങളുടെ പാർട്ടി കമ്മിറ്റി അത് പരിശോധിക്കും. ഇപ്പോൾ കടുത്ത വാക്കുകളിലേക്ക് ഒന്നും പോകുന്നില്ല. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സിപിഐ. പുതിയ സഹകരണ നിയമത്തിന്റെ കാര്യത്തിലും ദുരന്ത നിവാരണ നിയമത്തിലും വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിലും ഈ നിലപാട് ഉയർത്തിപ്പിടിക്കുന്നു.
ആർഎസ്എസ് അജൻഡയെ കുറിച്ച് കൃത്യമായി ബോധ്യമുള്ളതുകൊണ്ട് ഫെഡറൽ സംവിധാനത്തെ തകർക്കുന്നതിനെതിരെ കൃത്യമായ നിലപാടെടുക്കുന്ന പാർട്ടിയാണിത്. നിലപാട് ഉയർത്തിപ്പിടിക്കുന്നു എന്നത് ഞങ്ങളുടെ പരാജയമായി വ്യാഖ്യാനിക്കാനുള്ള വ്യഗ്രത നല്ലതല്ല. മാധ്യമ വാർത്തകൾ അനുസരിച്ച്, തലയിൽ മുണ്ടിട്ട് ഒപ്പിട്ടു എന്നാണല്ലോ പറയുന്നത്. അങ്ങനെ മുണ്ടിട്ട് ആരെങ്കിലും ഒപ്പിട്ടിട്ടുണ്ടെങ്കിൽ അവരാണ് അക്കാര്യത്തിൽ പ്രതികരിക്കേണ്ടത്. മുന്നണി മര്യാദകളുടെ ലംഘനമാണതെന്ന് കൃത്യമായ നിലപാട് ഇന്നലെ തന്നെ സി.പി.ഐ സെക്രട്ടറി പറഞ്ഞു. അത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങളൊക്കെ ഇന്ന് സിപിഐ കേന്ദ്ര കമ്മിറ്റി ആലോചിക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു കൂട്ടായ്മയാണ്. 11 ഘടകകക്ഷികൾ അതിനകത്തുണ്ട്. നമ്മൾ പരസ്പരം മാനിക്കുന്നവരാണ്. ഒരു തീരുമാനം എടുക്കുന്ന ഘട്ടത്തിൽ മാനിക്കേണ്ടി വരും. അങ്ങനെയുള്ള സന്ദർഭങ്ങൾ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടായേക്കാം. പക്ഷേ ഇത് വ്യത്യസ്തമായ സാഹചര്യമാണ്.
സിപിഐ എന്താണോ നേരത്തെ ആയിരുന്നത് അതേ ഊർജ്ജത്തിലും അതേ ആവേശത്തിലും അതേ നിലപാടിലുമാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. നിലപാടുകളിലോ പ്രഹരശേഷിയിലോ ഒട്ടും കരുത്ത് ചോർന്നിട്ടില്ല. അത് ആ നിലയിൽ തന്നെ മുന്നോട്ട് പോകും.
മന്ത്രിമാരെ പിൻവലിക്കുന്നതടക്കുമുള്ള കാര്യങ്ങളെ കുറിച്ചോ നടപടികളെ കുറിച്ചോ പറയാൻ ഞാൻ അർഹനോ ബാധ്യസ്ഥനോ അല്ല. ഇത്തരം കാര്യങ്ങളൊക്കെ ചർച്ച ചെയ്യുക കേരളത്തിലെ പാർട്ടി സെക്രട്ടറിയറ്റും ബന്ധപ്പെട്ട കമ്മിറ്റികളും ആയിരിക്കും. ഇന്ത്യയിലെ ഇടത് പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യത്തിനും മതനിരപേഷ പ്രസ്ഥാനങ്ങളുടെ ഐക്യത്തിനുമാണ് സി.പി.ഐ ഊന്നൽ കൊടുക്കുന്നത്. ആ നിലപാടിൽ ഊന്നിയാണ് ഞങ്ങൾ മുന്നോട്ടു പോകുക’ -പി. സന്തോഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

