കുട്ടനാട് പട്ടാളത്തെ ഏൽപിക്കണം -പി.എസ്. ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: കുട്ടനാട്ടിലെ പ്രളയജലം എളുപ്പത്തിൽ ഒഴുക്കിക്കളയാൻ പട്ടാളത്തെ ഏൽപിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പാടത്ത് ഇപ്പോഴും രണ്ടടി വെള്ളം മാത്രമാണ് കുറഞ്ഞത്. രണ്ടുലക്ഷം പേർ ഇന്നും വീട്ടിലെത്തിയിട്ടില്ല. സർക്കാർ ദുരഭിമാനം വെടിഞ്ഞ് പട്ടാളത്തെ ഏൽപിച്ചാൽ രണ്ടുമൂന്നു ദിവസത്തിനകം സാധാരണഗതിയിലെത്തും.
രണ്ടായിരത്തിലേറെ കോടി ചെലവാക്കിയ പാക്കേജ് യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകളെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. ഏറ്റവും വലിയ അഴിമതിയും ഗുരുതര വീഴ്ചകളുമാണ് പാക്കേജിലുണ്ടായത്. ഇതിനെതിരെ ബി.ജെ.പി പ്രക്ഷോഭം നടത്തും. പ്രളയ ദുരിതാശ്വാസ നിധി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുംവിധം സർവകക്ഷി മോണിറ്ററിങ് കമ്മിറ്റിയോ ജുഡീഷ്യൽ മോണിറ്ററിങ് കമ്മിറ്റിയോ ആണ് കൈകാര്യം ചെയ്യേണ്ടത്.
സൂനാമി, ഓഖി ഫണ്ടുകൾ വകമാറി ചെലവഴിച്ച സാഹചര്യമുണ്ട്. പ്രളയത്തിനുശേഷവും ഗൗരവതരമായ സ്ഥിതി വിശേഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ചികിത്സക്കുവേണ്ടി അമേരിക്കയിലേക്ക് പോയപ്പോൾ മറ്റാർക്കും ചുമതല നൽകാത്തത് ഗുരുതര വീഴ്ചയാണ്. നൂറുശതമാനം വിശ്വാസത്തോടെ ഏൽപിക്കാൻ പറ്റിയ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന് ശ്രീധരൻ പിള്ള ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
