ഉന്നതകുലജാതര്‍ മണ്ണിനെ സമ്പന്നമാക്കിയ അടിസ്ഥാന ജനത; ചൂഷണംചെയ്ത് സമ്പന്നരായവർ അധമകുലം -പി. രാമഭദ്രന്‍
text_fieldsതിരൂർ: രണ്ടു ദിവസം നീണ്ടുനിന്ന കേരള ദലിത് മഹിള ഫെഡറേഷൻ (കെ.ഡി.എം.എഫ്) സംസ്ഥാന സമ്മേളനത്തിന് സമാപനം. സമ്മേളന ഭാഗമായി നടന്ന സമ്പൂർണ സമ്മേളനം കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ചൂഷണംചെയ്യാതെ മണ്ണിനെയും സമൂഹത്തെയും അധ്വാനംകൊണ്ട് സമ്പന്നമാക്കിയ അടിസ്ഥാന ജനവിഭാഗങ്ങളാണ് ഉന്നതകുലജാതരെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന ജനവിഭാഗത്തെ അടിമകളാക്കി സാമൂഹികധാരയിൽനിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുകയും സമൂഹത്തിന്‍റെ സമ്പത്ത് കൈയടക്കുകയും ചെയ്ത രാജകുടുംബങ്ങൾ ഉൾപ്പെടെയുള്ളവരെ ഉന്നതകുലജാതർ എന്നു വിളിക്കാനാകില്ല. ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ ചൂഷണംചെയ്തും അവർക്കു മേൽ അധികാരപ്രയോഗം നടത്തി സമ്പത്താർജിച്ചും ജീവിച്ചവരെ അധമ കുലജാതർ എന്നാണ് വിളിക്കേണ്ടത്. മണ്ണില്‍ അധ്വാനിച്ച് സമൂഹത്തിനാകെ ഭക്ഷണം നല്‍കിയ അടിസ്ഥാന ജനതയെയും ഇതര മതവിഭാഗങ്ങളെയും നിരന്തരം അപമാനിക്കാൻ സംഘ്പരിവാർ നടത്തുന്ന ശ്രമങ്ങൾ, അവർക്ക് ഇപ്പോഴും മനുഷ്യരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ്. സ്ത്രീ ശാക്തീകരണത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും പി. രാമഭദ്രൻ അഭിപ്രായപ്പെട്ടു.
കേരള ദലിത് മഹിള ഫെഡറേഷന്റെ സംസ്ഥാന സമ്മേളന ഭാഗമായി നടന്ന സമ്പൂർണ സമ്മേളനം കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു
സ്വാഗതസംഘം ജനറൽ കൺവീനർ പി. സരസ്വതി അധ്യക്ഷത വഹിച്ചു. ഡോ. വിനീത വിജയൻ, ഐവർകാല ദിലീപ്, രാജൻ മഞ്ചേരി, വിജയൻ സി. കുട്ടമത്ത്, ശൂരനാട് അജി, ഉഷ രാജു, സി.കെ. സുശീല, ബീന ലാൽജി, ബിന്ദു കരിനിലം, മോളി സുരേഷ്, ഗീത ബാബു, എ.കെ. സുനിൽ, കെ.എസ്. സജീവൻ, എ.പി. രാജ്, ഗോപി കുതിരക്കല്ല്, കെ.പി. റുഫാസ്, സാജൻ പഴയിടം തുടങ്ങിയവർ സംസാരിച്ചു. ‘രാഷ്ട്രീയ അധികാരവും ദലിത് വനിതകളും’ വിഷയത്തിൽ നടന്ന ചർച്ചസമ്മേളനം കെ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ വെമ്പിളി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് കെ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരൂരിൽ പ്രകടനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

