സി.പി.ഐ ഇടുക്കി ജില്ല സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അസി. സെക്രട്ടറി പി. പളനിവേൽ അന്തരിച്ചു
text_fieldsഅടിമാലി: തോട്ടംതൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പി. പളനിവേൽ (73) അന്തരിച്ചു. സി.പി.ഐ ജില്ല അസി. സെക്രട്ടറിയും ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറിയുമാണ്. വൃക്കരോഗത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകീട്ട് നാലോടെ മൂന്നാറിലെ വസതിയിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ മൂന്നാർ സി.പി.ഐ ഓഫിസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം.
ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. തുടർച്ചയായി 10 വർഷം ജില്ല പഞ്ചായത്ത് അംഗവുമായി. തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.
ഭാര്യ: ജപകനി. മക്കൾ: ജയലക്ഷ്മി (ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം), ബാലു, വിനോഷ (ഇരുവരും സർക്കാർ ജീവനക്കാർ). സി.പി.ഐ ജില്ല സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ജില്ല അസി. സെക്രട്ടറി കൂടിയായ പളനിവേലിന്‍റെ മരണം. ഇതേതുടർന്ന് സമ്മേളന പരിപാടികൾ മാറ്റിവെച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

