Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഉദ്ദേശിച്ചത് മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന്'; വർഗീയ പരാമർശത്തിൽ വിശദീകരണവുമായി പി. നന്ദകുമാർ

text_fields
bookmark_border
CPM leader and former MLA P Nandakumar clarifying his controversial remarks about Malappuram district
cancel

മലപ്പുറം: മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന മലപ്പുറം ജില്ലയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം. നേതാവും മുൻ എം.എൽ.എ.യുമായ പി. നന്ദകുമാർ രംഗത്ത്. താൻ നടത്തിയ പരാമർശത്തിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണ് ഉദ്ദേശിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന ചോദ്യത്തിന്, മാധ്യമങ്ങൾക്ക് അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്റെ വാദത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തങ്ങളെല്ലാം പറയുന്നത് ഒന്നുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. "പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട. സംസ്ഥാന സെക്രട്ടറി പറഞ്ഞതും ഞാനിവിടെ പറഞ്ഞതും മുഖ്യമന്ത്രി പിണറായി വിജയൻ പറയാൻ പോകുന്നതും ഒന്നുതന്നെയാണ്. മതനിരപേക്ഷ കേന്ദ്രമായിരുന്ന മലപ്പുറത്തിന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ട്," നന്ദകുമാർ പറഞ്ഞു.

താൻ പ്രസംഗത്തിൽ ഒരു മതത്തെയോ രാഷ്ട്രീയ പാർട്ടിയെയോ നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന മലപ്പുറം ജില്ലയെ വർഗീയതയുടെ കൂടാക്കി മാറ്റാനുള്ള ശ്രമങ്ങളെയാണ് എതിർക്കുന്നത്. ആ നീക്കം രണ്ട് ഭാഗങ്ങളിൽ നിന്നും നടക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എല്ലാ സാമുദായിക സംഘടനകളെയും കൂട്ടുപിടിച്ച് ഞങ്ങളെ ഒറ്റപ്പെടുത്താനും വർഗീയ പ്രചാരണം നടത്താനും ശ്രമിച്ചു. മറുഭാഗത്ത് ആർ.എസ്.എസും ബി.ജെ.പിയും സമാനമായ രീതിയിൽ കടന്നുവരാൻ അവസരം ഒരുക്കുന്നു. ഈ രണ്ട് വർഗീയ ശക്തികളും ജില്ലയെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്," അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പ്രസംഗത്തെ വളച്ചൊടിച്ച് മലപ്പുറം ജില്ലയ്ക്കെതിരായ ആക്രമണമാക്കി മാറ്റിയെന്ന് നന്ദകുമാർ കുറ്റപ്പെടുത്തി. "തനിക്കെതിരെ ലീഗ് പ്രകടനം നടത്തിയത് 'കണ്ടാൽ കിണ്ണം കട്ടുവെന്നത്' പോലെയാണ്. താൻ ലീഗെന്ന് എവിടെയും പറഞ്ഞിട്ടില്ല. പിന്നെ വർഗീയത എന്ന് പറയുമ്പോൾ ലീഗിന് എന്തിനാണ് ഇത്ര ബേജാർ? അവർക്കൊരു അജണ്ടയുണ്ട്. മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട. മലപ്പുറം ജില്ലയെന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട," അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞദിവസം നടന്ന സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ വേദിയിലിരുത്തിക്കൊണ്ടുള്ള സ്വാഗതപ്രസംഗത്തിനിടെയായിരുന്നു പി. നന്ദകുമാറിന്റെ ഈ വിവാദ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram Not Allowed to Become Hub of Communalists: P Nandakumar Clarifies Controversial Remark
Next Story