‘പലിശ വാങ്ങുന്നവർക്ക് ലീഗിൽ സ്ഥാനമുണ്ടെങ്കിൽ, ചൂഷണത്തിനെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകാരനാകാൻ വിശ്വാസിക്ക് നൂറുവട്ടം യോഗ്യതയുണ്ട്’-സത്താർ പന്തല്ലൂരിന് മറുപടിയുമായി പി. ജയരാജൻ
text_fieldsകണ്ണൂർ: മതവിശ്വാസികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കാൻ പാടില്ലെന്ന സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ. വിശ്വാസികളെ ഇടതുപക്ഷത്തുനിന്ന് അകറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ ഒരു യഥാർത്ഥ വിശ്വാസിക്ക് യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഇസ്‌ലാമിക പ്രമാണങ്ങൾ പ്രകാരം വലിയ പാപമായ പലിശ (രിബ) ഇടപാടുകൾ നടത്തുന്ന സഹകരണ ബാങ്കുകൾ നിയന്ത്രിക്കുന്ന മുസ്‍ലിം ലീഗ് നേതാക്കളെ ‘വിശ്വാസികളായി’ കാണുകയും, ചൂഷണത്തിനെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകാരെ ‘അവിശ്വാസികളായി’ ചിത്രീകരിക്കുകയും ചെയ്യുന്നത് വലിയൊരു ആദർശ വൈരുദ്ധ്യമാണ്.
സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെ എതിർക്കുന്നവർ തന്നെ, രാഷ്ട്രീയ ആവശ്യങ്ങൾക്കായി ലീഗ് വനിത സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് എന്ത് തരം ധാർമികതയാണെന്ന് ജയരാജൻ ചോദിക്കുന്നു. അധികാരത്തിനുവേണ്ടി മതനിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ലീഗിന്റെ നടപടിയിൽ സത്താർ പന്തല്ലൂർ മൗനം പാലിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി ചൂഷണത്തിനെതിരെയുള്ള പോരാട്ടമാണ് ലക്ഷ്യമിടുന്നത്, അല്ലാതെ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് എതിരല്ല. കെ.ടി ജലീൽ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിശ്വാസികൾ സി.പി.എമ്മിൽ അന്തസ്സോടെ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഫാസിസത്തിനെതിരെയും ഏറ്റവും ശക്തമായി നിലകൊള്ളുന്നത് ഇടതുപക്ഷമാണെന്നും, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റുകാർ പ്രതിജ്ഞാബദ്ധരാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
മതാചാരങ്ങൾ അനുഷ്ഠിക്കുന്ന ഒരാൾക്ക് പാർട്ടി അംഗത്വം പാടില്ലെന്ന ഒരു വ്യവസ്ഥയും സി.പി.എം ഭരണഘടനയിലില്ലെന്ന് വ്യക്തമാക്കിയാണ് പി. ജയരാജൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. താത്വികമായ തർക്കങ്ങളെക്കാൾ പ്രായോഗികമായ നീതിയിലാണ് കമ്മ്യൂണിസം വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂർണ രൂപം
മതവിശ്വാസികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കാൻ പാടില്ലെന്ന സത്താർ പന്തല്ലൂരിന്റെ പ്രസ്താവന കേരളത്തിലെ പ്രബുദ്ധമായ രാഷ്ട്രീയ മണ്ഡലത്തിൽ വിലപ്പോകുന്നതല്ല. കമ്മ്യൂണിസം ഭൗതികവാദത്തിൽ അധിഷ്ഠിതമാണെന്ന സ്ഥിരം പല്ലവി പാടി വിശ്വാസികളെ ഇടതുപക്ഷത്ത് നിന്ന് അകറ്റാൻ നോക്കുന്നവർ തങ്ങളുടെ സ്വന്തം രാഷ്ട്രീയ സഖ്യങ്ങളിലെയും നിലപാടുകളിലെയും ഇരട്ടത്താപ്പുകളാണ് ആദ്യം പരിശോധിക്കേണ്ടത്.
ഒരു യഥാർത്ഥ വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ യാതൊരു തടസ്സവുമില്ലെന്ന് മാത്രമല്ല, വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഇടതുപക്ഷമാണെന്ന് തെളിയിക്കാൻ കൃത്യമായ കാരണങ്ങളുണ്ട്..
1. പലിശ ബാങ്കുകൾ നടത്തുന്നവരുമായുള്ള 'വിശുദ്ധ' സഖ്യം
ഇസ്‌ലാമിക പ്രമാണങ്ങൾ പ്രകാരം ഏറ്റവും വലിയ വൻപാപങ്ങളിൽ ഒന്നാണ് പലിശ (രിബ). പലിശ വാങ്ങുന്നവനും കൊടുക്കുന്നവനും എഴുതുന്നവനും നരകത്തിലാണ് എന്നാണ് വിശ്വാസപ്രമാണം. എന്നാൽ സത്താറിന്റെ രാഷ്ട്രീയ രക്ഷാധികാരികളായ മുസ്ലിം ലീഗ് നേതാക്കൾ പ്രസിഡന്റുമാരായി ഇരിക്കുന്ന എത്രയോ സഹകരണ ബാങ്കുകളാണ് കേരളത്തിലുള്ളത്? ഇവയെല്ലാം പൂർണ്ണമായും പലിശയിന്മേലാണ് പ്രവർത്തിക്കുന്നത്.
മതനിയമങ്ങൾ അക്ഷരാർത്ഥത്തിൽ ലംഘിച്ച്, പലിശപ്പണം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ലീഗുകാർക്ക് 'വിശ്വാസി'പ്പട്ടം നൽകുകയും, പാവപ്പെട്ടവന്റെ വിശപ്പകറ്റാൻ പോരാടുന്ന കമ്മ്യൂണിസ്റ്റുകാരെ 'അവിശ്വാസി'കളാക്കി മാറ്റിനിർത്തുകയും ചെയ്യുന്നത് എന്ത് തരം ആദർശമാണ്? പലിശ ബാങ്ക് നടത്തുന്ന ലീഗുകാരനാകാമെങ്കിൽ, ചൂഷണത്തിനെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകാരനാകാൻ ഒരു വിശ്വാസിക്ക് നൂറുവട്ടം യോഗ്യതയുണ്ട്..
2 സ്ത്രീ വിരുദ്ധതയും രാഷ്ട്രീയ കപടതയും
സ്ത്രീകളുടെ പൊതുരംഗപ്രവേശനം, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കൽ എന്നിവയെ ഇദ്ധേഹം പരസ്യമായി എതിർക്കുന്ന ഒന്നാണ്. എന്നാൽ മുസ്ലിം ലീഗ് തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനായി വനിതാ സ്ഥാനാർത്ഥികളെ വോട്ടുചോദിക്കാൻ തെരുവിലിറക്കുകയും എം.എൽ.എമാരാക്കുകയും ചെയ്യുന്നു.
തങ്ങളുടെ ആദർശത്തിന് വിരുദ്ധമായി സ്ത്രീകളെ പൊതുരംഗത്തിറക്കുന്ന ലീഗിനെ കണ്ണടച്ച് പിന്തുണയ്ക്കുന്ന സത്താറിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ത്രീപക്ഷ നിലപാടുകളെയും ലിംഗസമത്വത്തെയും ചോദ്യം ചെയ്യാൻ എന്ത് ധാർമ്മിക അവകാശമാണുള്ളത്? അധികാരത്തിന് വേണ്ടി സ്വന്തം മതനിയമങ്ങളിൽ ലീഗ് വിട്ടുവീഴ്ച ചെയ്യുമ്പോൾ സത്താർ മൗനം പാലിക്കുന്നത് അദ്ധേഹത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്.
3. കമ്മ്യൂണിസം വിശ്വാസത്തിന് എതിരല്ല, ചൂഷണത്തിന് എതിരാണ്
കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്നത് മനുഷ്യന്റെ സാമ്പത്തിക-സാമൂഹിക സമത്വമാണ്. ഒരു വിശ്വാസിയുടെയും ആരാധനാ സ്വാതന്ത്ര്യത്തിൽ പാർട്ടി ഇടപെടാറില്ല.
കെ.ടി. ജലീലിനെപ്പോലെയോ, അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ കുട്ടിയെപ്പോലെയോ ഉള്ള ആയിരക്കണക്കിന് പ്രായോഗിക വിശ്വാസികൾ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർഷിപ്പെടുത്ത് അന്തസ്സോടെ ജീവിക്കുന്നുണ്ട്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന പോരാട്ടങ്ങളാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ന് ഏക ആശ്വാസം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും (CAA) ഫാസിസത്തിനെതിരെയും ഇടതുപക്ഷം കാണിച്ച ആർജ്ജവം ലീഗിനോ സത്താറിനോ അവകാശപ്പെടാനില്ല.
ആശയപരമായ ഭൗതികവാദത്തെ ചൂണ്ടിക്കാട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രസംഗിക്കുന്നവർ സ്വന്തം അണികളിലെ പലിശ ഇടപാടുകാരെയും സ്ത്രീവിരുദ്ധ നിലപാടുകളെയും മൂടിവെക്കാനാണ് ശ്രമിക്കുന്നത്. വിശക്കുന്നവന് ഭരണഘടനയും അവകാശങ്ങളും ഉറപ്പാക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അതുകൊണ്ട് തന്നെ, ചൂഷകർക്കും ഫാസിസത്തിനുമെതിരെ പോരാടുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനാകാൻ യഥാർത്ഥ മതവിശ്വാസിക്ക് യാതൊരു തടസ്സവുമില്ല. താത്വികമായ തർക്കങ്ങളേക്കാൾ പ്രായോഗികമായ നീതിയിലാണ് കമ്മ്യൂണിസം വിശ്വസിക്കുന്നത്.
മതാചാരം അനുഷ്ഠിച്ചു ജീവിക്കുന്ന ഒരാൾക്ക് പാർട്ടി അംഗത്വം പറ്റില്ലെന്ന ഒരു വ്യവസ്ഥയും സിപിഐ എം ഭരണഘടനയിൽ ഇല്ല...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

