എം.വി. ഗോവിന്ദനെ വിമർശിച്ചതിൽ പ്രതികരിച്ച് പി. ജയരാജൻ; ‘വിമർശനവും സ്വയംവിമർശനവും കമ്യൂണിസ്റ്റ് പാർട്ടിയുടെ സവിശേഷത’
text_fieldsകോഴിക്കോട്: സി.പി.എം സംസ്ഥാന കമ്മറ്റിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണത്തിൽ മറുപടിയുമായി മുതിർന്ന നേതാവ് പി. ജയരാജൻ. വിമർശനവും സ്വയംവിമർശനവും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതും കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണെന്ന് പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിൽ ഉയർന്നു വരുന്ന ജീർണതകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ഗോവിന്ദനും നൽകുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലുള്ളതെന്നും ജയരാജൻ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 26,27 തീയതികളിൽ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ച എന്ന രൂപത്തിൽ ചില മാധ്യമങ്ങളിൽ എന്റെ പേരുമായി ബന്ധപ്പെട്ട ഒരു വാർത്ത കാണുകയുണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞും മുഖ്യമന്ത്രിയുടെ പേരുപറയാതെയും വിമർശിച്ചു എന്നാണ് ഈ വാർത്തകളിൽ പറയുന്നത്. വിമർശനവും സ്വയംവിമർശനവും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതും കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണ്.
പക്ഷേ ഇത്തരം വാർത്തകൾ, വലതുപക്ഷ രാഷ്ട്രീയത്തെ, വിശേഷിച്ച് കോൺഗ്രസ്സിനെയും ആർ.എസ്.എസ് -ബി.ജെ.പിയെയും നിശിതമായി എതിർത്തു കൊണ്ട് യഥാർഥ ജനാധിപത്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിനെ തകർക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ്.
സി.പി.എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും നേതൃത്വം നൽകി കൊണ്ടും സമൂഹത്തിലെ വിവിധ മേഖലകളിൽ ഉയർന്നു വരുന്ന ജീർണ്ണതകൾക്കെതിരായും മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും നൽകുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലുള്ളത്.
അതിനാലാണ് പാർട്ടി നേതൃത്വത്തെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഇത്തരം വാർത്താ നിർമിതികൾക്കെതിരായി നിയമനടപടി കൈക്കൊള്ളാൻ ഞാൻ ഉൾപ്പെടെയുള്ളവർ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഐകകണ്ഠേന തീരുമാനിച്ചത്. -പി. ജയരാജൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

