സംസ്ഥാന പൊലീസ് മേധാവി നിയമനം: സർക്കാറിനെ കൂത്തുപറമ്പ് വെടിവെപ്പ് ഓർമിപ്പിച്ച് പി. ജയരാജൻ
text_fieldsപി. ജയരാജൻ
കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചപ്പോൾ സർക്കാർ മറന്ന ചരിത്രം ഓർമിപ്പിച്ച് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് രവത ചന്ദ്രശേഖർ എന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം.
രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്നമല്ല ഇത്. സർക്കാർ തങ്ങളുടെ മുന്നിൽ വന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ആ തീരുമാനത്തെ കുറിച്ച് സർക്കാറാണ് തീരുമാനിക്കേണ്ടത്. പല പൊലീസുകാരും പല ഘട്ടങ്ങളിലും സി.പി.എമ്മിനെതിരായ നിലപാട് സ്വീകരിച്ചവരായിരിക്കാം. രവത ഒറ്റക്കല്ല, എല്ലാവരും ചേർന്നായിരുന്നു അന്ന് വെടിവെപ്പ് നടത്തിയത്. ഡി.ജി.പി പദവിയിലേക്ക് പരിഗണിക്കപ്പെട്ട നിതിൻ അഗർവാളിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. വെടിവെച്ച് നടന്ന അതേ കാലത്താണ് തലശ്ശേരിയിൽ എ.എസ്.പിയായിരുന്ന നിതിൻ അഗർവാൾ മുതിർന്ന നേതാവായ എം. സുകുമാരനെ ലോക്കപ്പിൽ വെച്ച് തല്ലിച്ചതച്ച കേസിൽ പ്രതിയായിരുന്നു. അന്ന് അത്തരം നടപടികൾക്കെതിരെ സി.പി.എം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വർഷങ്ങൾക്കു ശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി സ്ഥാനത്തേക്ക് മൂന്ന് പേരുകൾ സർക്കാർ പരിഗണിച്ചു. അതിൽ രവത ചന്ദ്രശേഖരെ ഡി.ജി.പിയായി നിയമിക്കുകയും ചെയ്തു. രാഷ്ട്രീയത്തിനതീതമായിട്ടുള്ള എൽ.ഡി.എഫിന്റെ ഇത്തരം തീരുമാനങ്ങളിൽ വിവാദമുണ്ടാക്കുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥിരം രീതിയാണ്. സർക്കാർ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയെ നിയമിച്ചിരിക്കുന്നത്. യോഗേഷ് ഗുപ്തയെ ഒഴിവാക്കിയത് എന്തിനെന്ന് സർക്കാറിനോട് ചോദിക്കണമെന്നും പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

