‘കാശ്മീർ ഭീകരന്മാരെ പോലെ മുഖം മറച്ചെത്തി’; കാലിക്കറ്റ് സർവകലാശാല സംഘർഷത്തിൽ പാണക്കാട് തങ്ങൾ നിലപാട് വ്യക്തമാക്കണമെന്ന് പി. ജയരാജൻ
text_fieldsപി. ജയരാജൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂനിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ എസ്എഫ്ഐ - യുഡിഎസ്എഫ് (കെഎസ്‌യു - എംഎസ്എഫ്) പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം വലിയ ആക്രമണത്തിലാണ് കലാശിച്ചത്. ഒക്ടോബർ 28ന് നടന്ന വോട്ടെണ്ണലിനിടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറും ഏറ്റുമുട്ടലുണ്ടായത്. ഇതിൽ മുപ്പതോളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എസ്എഫ്ഐയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും വാഹനങ്ങളും തകർക്കപ്പെട്ടതായി സംഘടന അവകാശപ്പെട്ടു.
അതേസമയം, ആശുപത്രിയിൽ അതിക്രമിച്ചു കടന്ന് കാശ്മീർ ഭീകരന്മാരെ പോലെ മുഖം മറച്ചു നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂനിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്എഫ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് എം. സുജിനെയും മറ്റു പ്രവർത്തകരെയും സന്ദർശിച്ച ശേഷമാണ് പി. ജയരാജൻ നിലപാട് വ്യക്തമാക്കിയത്.
'അതി മൃഗീയമായാണ് എംഎസ്എഫ് ക്രിമിനലുകൾ ആയുധങ്ങളുമായി അഴിഞ്ഞാടിയത്. സംഭവത്തിൽ പാണക്കാട് തങ്ങൾ നിലപാട് വ്യക്തമാക്കണം. ഇത്തരം ക്രിമിനലുകളെ ആണോ മുസ്‌ലിം ലീഗ് വിദ്യാർഥി സംഘടന എന്ന പേരിൽ വളർത്തുന്നത് എന്നറിയാൻ പൊതുസമൂഹത്തിന് താല്പര്യമുണ്ട്. ഇത്തരം ഒരുപാട് അക്രമങ്ങളെ അതിജീവിച്ചാണ് എസ്എഫ്ഐ പ്രസ്ഥാനം വളർന്നു വന്നത്. ഏത് കടന്നാക്രമണങ്ങളെയും നേരിടാനുള്ള ശേഷിയും കരുത്തും പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഉണ്ട് എന്നത് മറക്കേണ്ട' എന്നും പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
'ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുമ്പോൾ പരാജയമായാലും വിജയം ആയാലും അത് അംഗീകരിക്കണം. ഇവിടെ ക്യാമ്പസ് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്എഫ് പരാജയപ്പെട്ടു. അതാണ് ഹീനമായ ഈ അക്രമത്തിന്റെ പിന്നിലുള്ളത്. ഇത് എംഎസ്എഫും കെ.എസ്.യുവും വിദ്യാർഥികളിൽ നിന്ന് ഒറ്റപ്പെടുന്നതിന്റെ തെളിവാണ്. ആശുപത്രിയിൽ അതിക്രമിച്ചു കടന്ന് കാശ്മീർ ഭീകരന്മാരെ പോലെ മുഖം മറച്ചു നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും പി. ജയരാജൻ പറഞ്ഞു.
പരിക്കേറ്റ എസ്എഫ്ഐ നേതാക്കളെ (സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ആദിൽ, ജില്ലാ പ്രസിഡന്റ് എം. സുജിൻ തുടങ്ങിയവർ) ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയപ്പോൾ, എംഎസ്എഫ് പ്രവർത്തകർ ആശുപത്രിയിലേക്ക് അതിക്രമിച്ചുകയറി മർദ്ദിച്ചതായി പരാതിയുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതിയിലും ആശുപത്രി അധികൃതരുടെ പരാതിയിലും തേഞ്ഞിപ്പലം പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എംഎസ്എഫ് നേതാക്കൾക്കെതിരെയും എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ എംഎസ്എഫ് പ്രവർത്തകന്റെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ചില എസ്എഫ്ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

