‘ആർ.എസ്.എസുകാർ വെട്ടിയരിഞ്ഞ എന്റെ ഇടതു പെരുവിരൽ ചിലർ എ.ഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്...’ -ആയങ്കിക്കൊപ്പം തന്റെ ഫോട്ടോ ചേർത്തതിനെതിരെ പി. ജയരാജൻ
text_fieldsകണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കൊപ്പം തന്റെ ചിത്രം ചേർത്തുവെച്ചതിനെതിരെ സി.പി.എം നേതാവ് പി. ജയരാജൻ. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങിയതായി അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ അറിയിച്ചു.
‘27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർ.എസ്.എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതു കൈയ്യിലെ പെരുവിരൽ. ഇപ്പോൾ ചിലർ എ.ഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ അടക്കം ചേർത്ത് തന്നിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങി’ -പി. ജയരാജൻ പറഞ്ഞു.
പൊലീസിനെ വെല്ലുവിളിച്ച് ഏറെ ദിവസം ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഇന്ന് പുലർച്ച 2.45ഓടെ കണ്ണൂരി ൽനിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ താളികാവിലെ ഒരു അഭിഭാഷക ദമ്പതികളുടെ അപ്പാർട്മെന്റിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം മഫ്തിയിലെത്തി ആയങ്കിയെ നാടകീയമായി അറസ്റ്റ് ചെയ്തത്.
വാറന്റില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിലാണ് അപ്പാർട്മെന്റിൽനിന്ന് പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടിയത്. വൈദ്യപരിശോധനക്കുശേഷം കണ്ണൂർ സൈബർ ക്രൈം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
നടപടികൾ പൂർത്തിയാക്കി 11.35ഓടെ കണ്ണൂരിൽനിന്ന് കൊണ്ടുപോയി കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് യദുകൃഷ്ണയുടെ വസതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്ത് തലശ്ശേരി സ്പെഷൽ സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനെതിരെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് നൽകിയ പരാതിയിലാണ് പൊലീസ് സംഘം ആയങ്കിയെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ ഉത്തരമേഖല ഡി.ഐ.ജിയുടെയും മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തുമെന്നും ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

